കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളേജ് അറിയിച്ചു. 

മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ആദിത്യനും ആകാശും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.

ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഷാലിക്ക് ക്യാംപസിലെ കെഎസ് യു നേതാവായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published.