കൊടുവള്ളിയിൽ ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന് നേരെയും പ്രതികൾ സ്ഫോടക വസ്തു എറിഞ്ഞു. കാർ റിവേഴ്സ് എടുത്ത് പൊലീസ് ജീപ്പിനെ ഇടിപ്പിച്ചു. ചമ്പാട്ട് മുക്ക് എന്ന സ്ഥലത്ത് വെച്ചാണ് പ്രതികൾ കാർ ഉപേക്ഷിച്ചത്. പൊലീസുകാരെയും പ്രതികൾ ആക്രമിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ പൊലീസ് ജീപ്പിന് ഒന്നേകാൽ ലക്ഷം രൂപ നഷ്ടം വന്നെന്നും എഫ്ഐആർ പറയുന്നു. . പ്രതികൾക്കെതിരെ ബിഎൻഎസ് വകുപ്പുകൾക്കൊപ്പം എക്സ്പ്ലോസീവ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളും ചുമത്തി. നിരവധി കേസുകളിൽ പ്രതികളായ കാസർകോട് സ്വദേശികളായ ആട് ശമീർ, കൊളവയൽ അസീസ്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജ്മൽ എന്നിവരെ പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് ആളുകളെ ഇറക്കിയശേഷം തിരിക്കാനായി പെട്രോൾ പമ്പിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിൽ ഉണ്ടായിരുന്നവർ ബസ് ജീവനക്കാരുമായി തർക്കിക്കുകയും കമ്പിയെടുത്ത് ബസ് ജീവനക്കാരനെ ആക്രമിക്കുകയും ബസിന്റെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. അക്രമികൾ ബസിനുനേരെ ഉഗ്രശേഷിയുള്ള രണ്ട് പടക്കങ്ങൾ എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. തുടർന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തി സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ബസ് തൊഴിലാളി സനൽ ബാലകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികൾ നരിക്കുനി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി അറിഞ്ഞ പൊലീസ് കാർ പിന്തുടർന്നു. ഇതിനിടെ പൊലീസ് വാഹനത്തിന് നേരെയും അക്രമിസംഘം പടക്കമെമെറിഞ്ഞു. മടവൂർമുക്ക് പള്ളിത്താഴം വയൽ ഭാഗത്ത് എത്തിയപ്പോൾ സംഘം കാർ നിർത്തി ഓടി രക്ഷപ്പെടുന്നതിനിടെ പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. നാട്ടുകാർക്കും പൊലീസിനും നേരെയും സംഘം ആക്രമണം നടത്തി. എസ്.ഐ വി.പി. ആന്റണി, സി.പി.ഒമാരായ നവാസ്, റിജോ മാത്യു എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. മാസങ്ങൾക്കു മുമ്പ് ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.