സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനുകള്‍. മെയ് മൂന്ന് മുതൽ 12 വരെയാണ് എൻ്റെ കേരളം പ്രദർശന വിപണന മേള നടക്കുക. ഒപ്പം ദേശീയ സരസ് മേളയും നടക്കും. സരസ്മേള രണ്ടിന് ആരംഭിക്കും.
ബീച്ചിലെ ഫ്രീഡം സ്‌ക്വയറിനോട് ചേര്‍ന്ന് 45,000 വീതം ചതുരശ്ര അടികളില്‍ ഒരുക്കുന്ന ശീതീകരിച്ച രണ്ട് ജര്‍മന്‍ ഹാങ്കര്‍ പന്തലുകളിലായാണ് മേളകള്‍ നടക്കുക. കടലിന് അഭിമുഖമായി ഡൈനിങ് ഏരിയയും 50 ഫുഡ് സ്റ്റോളുകളും ഉൾപ്പെടെ 20,000-ലേറെ ചതുരശ്ര അടിയില്‍ ഒരുക്കിയ പന്തലിലാണ് ഭക്ഷ്യമേള നടക്കുക. ഇതിൽ 15 ഓളം ഫുഡ് സ്റ്റോളുകൾ അന്യസംസ്ഥാനത്തു നിന്നുള്ളവയാണ്.
പന്തലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കകം സ്റ്റാളുകള്‍ തിരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സംരംഭകര്‍ക്കും കൈമാറും. രണ്ട് മേളകളിലുമായി അഞ്ഞൂറിലേറെ പ്രദര്‍ശന, വിപണന, സേവന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.
വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും പരിചയപ്പെടുത്തുന്നതിന് വെര്‍ച്വല്‍ റിയാലിറ്റി ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സ്റ്റാളുകള്‍ എന്റെ കേരളം മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കാനും മേളയില്‍ സൗകര്യമൊരുക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍, ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികള്‍, അപൂര്‍വയിനം മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും പോലിസിന്റെ ഡോഗ് ഷോയും മേളയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാനും ഉല്ലസിക്കാനും പ്രത്യേക സ്‌പോര്‍ട്‌സ് ഏരിയകളും ഒരുക്കും. ഓരോ ദിവസവും സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും നടക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള്‍ ദേശീയ സരസ് മേളയെ സമ്പന്നമാക്കും. രുചിവൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭക്ഷ്യമേളയും പ്രധാന ആകര്‍ഷണങ്ങളിലൊന്നാവും. എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന കലാസംഗീത പരിപാടികളില്‍ മേഖലയിലെ പ്രമുഖര്‍ അണിനിരക്കും.
മേളയുടെ പ്രചാരണത്തിനായി വിപുലമായ പരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്. വിദ്യാർത്ഥികൾ, ചിത്രകലാധ്യാപകർ, ചിത്രകാരർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് തദ്ദേശതലത്തിൽ ചിത്രരചന മത്സര സംഘടിപ്പിച്ചു വരികയാണ്. മേളയ്ക്ക് മുന്നോടിയായി ബീച്ചിൽ സമൂഹ ചിത്രരചന മത്സരവും സംഘടിപ്പിക്കും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 25 വയസ്സിന് താഴെയുള്ള യുവ പ്രതിഭകളെ ആദരിക്കുന്ന യുവ പ്രതിഭാ സംഗമം മേളയുടെ ഭാഗമായി നടത്തും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിച്ചുവരികയാണ്. ഇതിനുപുറമെ മേളയ്ക്ക് മുന്നോടിയായി സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം, 500 പേർ അണിനിരക്കുന്ന വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.