സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന പന്തലായനി ബ്ലോക്ക്തല പഠനോത്സവം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് കേരളത്തിൽ ലഭിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ ബിആർസിയുടെ സംഭാവന വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുകയും ചെയ്താൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പന്തലായനി ബിആർസി പരിധിയിലെ 78 സ്കൂളുകളിലും അഞ്ച് പഞ്ചായത്തുകളിലുമായി പഞ്ചായത്ത്തലം, മുനിസിപ്പൽതലം എന്നിങ്ങനെ പഠനോത്സവം നടത്തിയിട്ടുണ്ട്. കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ച് മുതൽ തുവ്വപ്പാറവരെ ആയിരത്തോളംപേർ അണിനിരക്കുന്ന ലഹരിവിരുദ്ധ സന്ദേശറാലി തുടർന്ന് ഭിന്നശേഷി വിദ്യാർഥികൾ, പ്രീ പ്രൈമറി വിദ്യാർഥികൾ എന്നിവരുടെ കലാപരിപാടികൾ, മെലഡി നൈറ്റ്, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ചിൽ നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തീൻ കോയ, പന്തലായിനി ബിആർസി ബിപിസി മധുസൂദനൻ, ബിആർസി പരിശീലകൻ കെ എസ് വികാസ്, എച്ച് എം ഫോറം കൺവീനർ എം കെ പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.