ബാലുശ്ശേരി: നിർമ്മിത ബുദ്ധിയുടെ അനന്തമായ സാധ്യതകളുടെ കാലത്ത് മദ്റസാ വിദ്യാഭ്യാസ സംവിധാനവും കാലോചിതമായ പരിഷ്കാരങ്ങൾക്ക് വിധേയമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മദ്റസ ഇവാല്വേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു.
വിജ്ഞാന വിസ്ഫോടനത്തിൻ്റെ കാലത്ത് ധാർമിക സാദാചാര മൂല്യങ്ങളുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതിലും മദ്റസാ സംവിധാനത്തെ പ്രാപ്തമാക്കണം.
സമൂഹമാധ്യമങ്ങളിലും റീൽസുകളിലും അഭിരമിക്കുന്ന ബാല്യങ്ങളെയാണ് ലഹരിമാഫിയകൾ ലക്ഷ്യമാക്കുന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.
തങ്ങളുടെ മാർക്കറ്റുകൾ വിശാലമാക്കാൻ പുതുതലമുറയെ ലക്ഷ്യമാക്കി കെണികളൊരുക്കുന്ന ചൂഷകരിൽ നിന്ന് ബാലമനസുകളെ രക്ഷപ്പെടുത്താൻ മത വിദ്യാഭ്യാസത്തിന് സാധിക്കും.
വിദ്യാർത്ഥികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന മദ്റസാ വിദ്യാഭ്യാസത്തെ പോഷിപ്പിക്കാൻ സർക്കാർ സഹായം ഉറപ്പ് വരുത്തണം.
മദ്റസകൾക്കെതിരെ പടച്ച് വിടുന്ന നുണപ്രചാരണങ്ങളെ കരുതിയിരിക്കാനും യാഥാർത്ഥ്യങ്ങളെ സമൂഹത്തിലെത്തിക്കാനും അധികൃതർ ശ്രദ്ധിക്കണമെന്നും കേമ്പ് അഭിപ്രായപ്പെട്ടു.
പുത്തൂർ വട്ടം സലഫി സെൻ്ററിൽ നടന്ന കേമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ജമാൽ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം വിദ്യഭ്യാസബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ മുഖ്യ പ്രഭാഷണം നടത്തി.ടി എം നൗഫൽ പൂനൂർ അബ്ദുൽ ബാരി മൗലവി ബാലുശ്ശേരി, സി.പി അബ്ദുൽ കബീർ പേരാമ്പ്ര, അഫ്സൽ കേളോത്ത് നാദാപുരം, സി.കെ മൊയ്തീൻ പന്തിരിക്കര, സുനീർ ടി.കെ വടകര, റിയാസ് സ്വലാഹി കുഞ്ഞിപ്പള്ളി, മുഹമ്മദലി പയ്യോളി, യൂനുസ് വി കൊയിലാണ്ടി, മുസ്തഫ മേലൂർ, ഫഹീം അത്തോളി, അബ്ദുൽ മജീദ് മാസ്റ്റർ അരിക്കുളം, ഖാലിദ് കാപ്പാട്, നാസർ കെ കെ, റഫീഖ് പന്തിരിക്കര,സൈനുദ്ദീൻ വടകര, ടി.എൻ ഷക്കീർ സലഫി, മുഹമ്മദ് നന്തി, വി.വി ബഷീർ, ഒ.കെ അബ്ദുല്ലത്തീഫ്,ടി.പി നസീർ, ഷാഫി അരിക്കുളം, യൂസുഫ് അലി നന്തി, മൊയ്തു മേനിക്കണ്ടി, കെ റഷീദ് മാസ്റ്റർ,റസാഖ് കാട്ടിൽപീടിക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വിസ്ഡം ജില്ലാ വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുൽ നാസർ മദനി സ്വാഗതവും ജില്ലാ ട്രഷറർ സി.പി സാജിദ് നന്ദിയും പറഞ്ഞു.