‘ക്ഷേത്രപാലകൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – മധു.കെ

ക്ഷേത്രപാലകൻ

പഴയ അള്ളടസ്വരൂപത്തിൽ (കാസർഗോഡ് ജില്ല) ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ക്ഷേത്രപാലകൻ. അതിന് ഐതിഹ്യങ്ങളുടെ പിൻബലമുണ്ടെന്ന് തോറ്റംപാട്ടും കഥകളും വ്യക്തമാക്കുന്നു. ക്ഷേത്രപാലകന്റെ നേതൃത്വത്തിലാണ് ചങ്ങാതിമാരായ വേട്ടയ്ക്കൊരു മകനും വൈരജാതനും ചേർന്ന് അള്ളടസ്വരൂപം പിടിച്ചെടുത്തത്തെന്നാണ് വിശ്വാസം. മറ്റു പല ദേവതകളേയും പോലെ ദുഷ്ടനിഗ്രഹമാണ് ക്ഷേത്രപാലകന്റേയും നിയോഗം.

തെയ്യമായും ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠയായും ക്ഷേത്രപാലകൻ ആരാധിക്കപ്പെടുന്നുണ്ട്. മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ഈശാന കോണിൽ ക്ഷേത്രപാലക പ്രതിഷ്ഠ കാണാം. ദേവനായ ക്ഷേത്രപാലകനു ശ്രീഭൂത ബലിയിലുള്ള പ്രാധാന്യം ‘ക്ഷേത്രപാലകന് പാത്രത്തോടെ’ എന്ന ചൊല്ലിലൂടെ മനസ്സിലാക്കാം. ശ്രീഭൂതബലിയുടെ അവസാനം ചോറ് പാത്രത്തോടെ ക്ഷേത്രപാലകന് സമർപ്പിച്ചാണ് പാണി കൊട്ടി മതിയാക്കുന്നത്. ക്ഷേത്രം എന്ന വാക്കിന് ഭൂമിയെന്നും, വയൽ എന്നും അർത്ഥമുണ്ട്. ഭൂമിയും വയലും സംരക്ഷിക്കുന്നവൻ എന്ന അർത്ഥത്തിലും ഈ ദൈവത്തെ കാണാം. ചില ക്ഷേത്രങ്ങളിൽ കാണുന്ന ‘വാതിൽ കാപ്പവർ’ എന്ന ആരാധനാമൂർത്തി ക്ഷേത്രപാലകനാണത്രെ. വേട്ടക്കൊരു മകന്റെ കഥയിലുള്ളതുപോലെ ഐതിഹ്യവും ചരിത്രവും കൂട്ടിക്കലർത്തിയ ഒരു പുരാവൃത്തമാണ് ക്ഷേത്രപാലകന്റേതും.

ഐതിഹ്യം

കേരളത്തിന്റെ മധ്യഭാഗം മുഴുവൻ കൈയടക്കി വച്ചിരുന്ന, അൻപത്തഞ്ച് തലകളും നൂറു കൈകളുമുണ്ടായിരുന്ന മൂകാസുര പുത്രനായ ദമുഖനോട് യുദ്ധം ചെയ്ത് പരശുരാമൻപോലും പരാജയപ്പെട്ടു. പരശുരാമൻ കൈലാസത്തിൽ ചെന്ന് പരമേശ്വരനോട് സങ്കടമുണർത്തിച്ചു. അപ്പോൾ പരമശിവന്റെ കണ്ണിൽ നിന്ന് പതിനെട്ടു കൈകളും കാളമേഘം പോലെ കറുത്ത നിറത്തിലും വെളുത്ത ദംഷ്ട്രങ്ങളുമായി ഒരു ദേവി ഉടലെടുത്തു. കാളാസുരന്റെ തലയറുത്തതിനാൽ ആ ദേവിയ്ക്ക് കാളരാത്രി എന്ന പേരു ലഭിച്ചു. കാളാസുര നിഗ്രഹം കഴിഞ്ഞിട്ടും ദേവിയുടെ കോപം ശമിക്കാതിരുന്നതു കണ്ടപ്പോൾ ശ്രീപരമേശ്വരൻ തന്റെ മനോജ്ഞമായ രൂപത്തിൽ ശൂലവുമേന്തി നർത്തനം തുടങ്ങി. അതു കണ്ട് ആർദ്രമനസ്കയായ ദേവി ശിവനെ പുണർന്നപ്പോഴുണ്ടായ പുത്രനാണത്രെ ക്ഷേത്രപാലകൻ. ക്ഷേത്രധ്വംസകൻ എന്ന അസുരനെ ശിവകല്പനപ്രകാരം വധിച്ചതുകൊണ്ടാണ് ക്ഷേത്രപാലകൻ എന്ന പേരു ലഭിച്ചതെന്ന് തോറ്റംപാട്ടു പറയുന്നു.

ക്ഷേത്രപാലകൻ കൊടുങ്ങല്ലൂരിൽ നിന്നും പുറപ്പെട്ട് നെടിയിരുപ്പ് സ്വരൂപത്തിലെത്തി സാമൂതിരിയുടെ ഒരു പടനായകനായി മാറി. നെടിയിരിപ്പു സ്വരൂപത്തിലെ ഒരു കന്യക കോലസ്വരൂപത്തിലെ ഒരു രാജകുമാരനുമായി പ്രണയത്തിലാവുകയും അവർക്ക് ഒരു നാടു നല്കാമെന്ന് കോലത്തിരി സമ്മതിക്കുകയും ചെയ്തു. എന്നാൽ കീഴടക്കാനത്ര എളുപ്പമല്ലാത്ത അള്ളടം നാടായിരുന്നു അവർക്കിഷ്ടപ്പെട്ടത്. അതു ലഭിക്കുന്നതിന് അവരുടെ സഹായത്തിനായി ക്ഷേത്രപാലകൻ വന്നു. ഒപ്പം ഉറ്റ ചങ്ങാതിമാരായ വേട്ടയ്ക്കൊരു മകനും വൈരജാതനുമുണ്ടായിരുന്നു. മുപ്പത്തിയാറു വർഷം പയ്യന്നൂർ പെരുമാളിനെ കഠിനതപസ്സു ചെയ്തതിനു ശേഷമായിരുന്നു ഇവർ അള്ളടം പിടിച്ചെടുക്കാനായി പുറപ്പെട്ടത്. അതോടെ പെരുമാളിന്റെ പടിഞ്ഞാറെ ഗോപുരത്തിൽ ക്ഷേത്രപാലകൻ സ്ഥാനം നേടി.അള്ളടത്തിലെ എട്ടു ദുഷ്പ്രഭുക്കളെ കൊന്നൊടുക്കുകയായിരുന്നു ക്ഷേത്രപാലകന്റെ ലക്ഷ്യം. അതു സാധിച്ചതോടെ അമ്മ കാളരാത്രിയോടൊപ്പം ‘സൂര്യൻ വന്നുദിച്ച പോലെ’ ക്ഷേത്രപാലകൻ അള്ളടം നാട്ടിൽ പ്രശോഭിച്ചു. അള്ളടം സ്വരൂപത്തിൽ ക്ഷേത്ര പാലകനീശ്വരന് ഏറെ പ്രാധാന്യവും പ്രചാരവും ലഭിക്കാനിതാണു കാരണം. ക്ഷേത്രപാലകന് പയ്യന്നൂർ പെരുമാൾ അള്ളടത്തിന്റെ അധികാരം നൽകിയത് വേട്ടയ്ക്കൊരുമകൻ തോറ്റത്തിൽ ‘അള്ളടം മുക്കാതം നാടൊക്കെയും പരിപാലിക്കാൻ ഊക്കേറും ക്ഷേത്രപാലകനന്നനുവദിച്ചു’ എന്നു പ്രതിപാദിക്കുന്നുണ്ട്.

ഉദിനൂർ കൂലോത്തു ഉദയം ചെയ്തതിനു ശേഷമാണ് ക്ഷേത്രപാലകൻ അള്ളടത്തിന്റെ ആസ്ഥാനമായ മഡിയൻ കൂലോത്തെ മഡിയൻ ചിത്രപീഠത്തിലും മറ്റു സ്ഥലങ്ങളിലും സ്ഥാനം നേടിയത്. കീഴറ കുലോം, ഉദിനൂർ കൂലോം, മഡിയൻ കൂലോം, കണി കൂലോം, കേക്കുലോം, അരയി കുലോം എന്നിങ്ങനെ നിരവധി കോവിലകങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതിനാൽ ക്ഷേത്രപാലകനെ ‘കൂലോത്തീശ്വരൻ’ എന്നു വിശേഷിപ്പിക്കാറുണ്ട്.

അള്ളടം പിടിച്ചടക്കി നീലേശ്വരം രാജവംശം സ്ഥാപിച്ചത് കൊണ്ട് നീലേശ്വരം രാജവംശത്തിന്റെ കുലപരദേവതമാരായി ക്ഷേത്രപാലകനേയും കാളരാത്രിയേയും ആരാധിച്ചു വരുന്നു. ക്ഷേത്രപാലകന്റെ അധീനതയിലുള്ള ഉദിനൂർ കോവിലകം, മഡിയൻ കോവിലകം എന്നീ ക്ഷേത്രങ്ങളിൽ പാട്ടുത്സവത്തിനു ഓല കൊത്തി പാട്ടുത്സവം തീരും വരെ സമീപ പ്രദേശങ്ങളിലൊന്നും തെയ്യം, വിവാഹം, കോഴിയറവ്‌, മരം മുറിക്കൽ, മറ്റു മംഗള കർമങ്ങൾ എന്നിവയൊന്നും നടത്താൻ പാടില്ലയെന്ന പാരമ്പര്യം ഇന്നും വിശ്വാസികൾ അവിടങ്ങളിൽ പാലിക്കുന്നുവെന്നത് ആ നാടിന്റെ സാംസ്കാരിക നൈരന്തര്യത്തിൽ ക്ഷേത്രപാലകൻ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുവെന്നതിനു തെളിവാണ്. ക്ഷേത്ര പാലകനോടൊപ്പം അള്ളടത്തെത്തിയ വേട്ടയ്ക്കൊരു മകൻ പുളിയക്കാട്ടു മാടത്തിലും വൈരജാതൻ ചെറുവത്തൂരിലെ കമ്പിക്കാനത്തിടത്തിലുമാണ് ആദ്യമായി സ്ഥാനം നേടിയത്.

തെയ്യം

വണ്ണാൻ സമുദായത്തിലെ ആചാരം ലഭിച്ചവർ മാത്രം കെട്ടുന്ന തെയ്യമാണിത്. അള്ളടത്തിൽ ഈ തെയ്യം കെട്ടുന്ന കോലക്കാർക്കു പോലും പ്രത്യേക ആദരവും പരിഗണനയും പൊതുസമൂഹം നല്കാറുണ്ട്. ക്ഷേത്രാഷ്ടകവും വലിയ ശംഖും കരിന്താടിയുമാണ് ക്ഷേത്രപാലകന്റെ മുഖത്തെഴുത്ത്.
കറുത്ത കച്ചില ഞൊറിഞ്ഞുടുത്ത് ആചാരപ്രതീകങ്ങളായ പൂത്തലചുറ്റും ചുരികയും ധരിച്ചാണ് ക്ഷേത്രപാലകൻ ഇറങ്ങുക. വലിയ മുളകൾകൊണ്ട് കത്രിക പൂട്ടിട്ട് താങ്ങിനിർത്തുന്ന ആകാശം മുട്ടുന്ന കറുത്ത മുടിക്ക്‌ അപാരമായയൊരു ഗാഭീര്യമുണ്ട്. ഇത് കാർക്കോടക നാഗത്തെയാണത്രെ പ്രതിനിധാനം ചെയ്യുന്നത്. മുഖത്ത് പിടിമീശയും വാർത്താടിയും കൈകളിൽ കടുത്തിലയും പൂക്കച്ചട്ടിവാളും, പരിചയുമേന്തി അതിഗംഭീരമായ ശബ്ദത്തിലുള്ള മൊഴികളുമായിറങ്ങുന്ന, ‘താടി വച്ച തമ്പുരാൻ‘, ക്ഷേത്രപാലകൻ സമാനതകളില്ലാത്ത രാജകീയപ്രഢിയും ഗൗരവവും സ്ഫുരിക്കുന്ന തെയ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

സമഗ്ര ശിക്ഷാ കേരളം പന്തലായനി ബ്ലോക്ക്തല പഠനോത്സവം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Latest from Culture

‘മുത്തപ്പൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

മുത്തപ്പൻ സാധാരണക്കാരന്റെ തെയ്യം എന്ന വിശേഷണത്തിന് സർവഥാ അനുരൂപമാണ് മുത്തപ്പൻ. ഇത്രമാത്രം ജനകീയനായ മറ്റൊരു ആരാധനാമൂർത്തി ഉണ്ടെന്നു തോന്നുന്നില്ല. ഏതാപത്തിലും മുത്തപ്പൻ

ദാനധർമ്മത്തിന്റെ പ്രാധാന്യം ഓർക്കണം

ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു

വിശുദ്ധ മാസം വിജ്ഞാനത്തിന്റേത് കൂടിയാണ്

റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

വയനാട്ടു കുലവൻ വടക്കെ മലബാറിലെ തിയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. ആദി തിയ്യൻ ആയതുകൊണ്ട് വയനാട്ടുകുലവനെ തൊണ്ടച്ചൻ എന്നും വിളിക്കുന്നു.ഐതിഹ്യം,