കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വിവിധ വാര്‍ഡുകളിലായി വിധവകള്‍ അവിവാഹിതര്‍ എന്നീ വിഭാഗങ്ങളിലായി 62 പേരുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങി. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്ത ജനുവരി മാസത്തെ പെന്‍ഷന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കാത്തത്. പെന്‍ഷന്‍ പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം കെ. സമാര്‍ട്ട് വഴി ഗുണഭോക്താക്കള്‍ സമയബന്ധിതമായി തന്നെ നഗരസഭയില്‍ ഹാജരാക്കിയിരുന്നു. നഗരസഭാ ഉദ്യോഗസ്ഥരാണ് ഈ രേഖകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സേവനാ പെന്‍ഷന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത്. എന്നാല്‍ നഗരസഭാധികൃതര്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് കൗണ്‍സിലര്‍മാരായ എം.ദൃശ്യ , വത്സരാജ് കേളോത്ത് എന്നിവര്‍ പറഞ്ഞു.
നിരാലംബരും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുമായ ഗുണഭോക്താക്കള്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പെന്‍ഷന്‍ വരുമാനം മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്കാണ് ഏറെ തിരിച്ചടിയുണ്ടായത്. മരുന്നു വാങ്ങുന്നതിനും മറ്റുമായി പെന്‍ഷന്‍ തുകയെ ആശ്രയിക്കുന്നവരാണ് ഏറെയും. ഈ വിഷയത്തില്‍ നഗരസഭാധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ രേഖകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പെന്‍ഷന്‍ മുടങ്ങാനിടയായ സാഹചര്യം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായും മുടങ്ങിയ പെന്‍ഷന്‍ തുക വൈകാതെ കിട്ടുമെന്നുമാണ് അറിയുന്നതെന്നും നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പ്രതികരിച്ചു.