ചെങ്ങാട്ട്കാവ് ടൗണിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകാൻ നിലവിലെ NH-66 ലൂടെ സാധ്യമല്ലാത്തതും ഓട്ടോറിക്ഷകൾക്കും, ഇരുചക്ര വാഹനങ്ങൾക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുകയ്യും ചെയ്യുന്ന സാഹചര്യത്തിൽ, കാൽനട യാത്രക്കാർക്കു പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ചെങ്ങോട്ടുകാവിലെ പൊതു സമൂഹം രാഷ്ടീയ – ജാതി-മതഭേദമന്യേ ശക്തമായ സമരത്തിന് തയ്യാറെടുത്ത് വരികയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ശക്തമായ സമര പടിപാടികൾക്ക് രൂപം നൽകി.
നിലവിലെ സാഹചര്യത്തിൽ കിഴക്ക് ഭാഗത്തുള്ള സർവീസ് റോഡ് വീതി കൂട്ടി ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തിൽ പുന: ക്രമീകരിക്കുകയോ, ചെറിയ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാവുന്ന രീതിയിൽ മിതമായ സൗകര്യങ്ങളോടെയുള്ള ഒരു അടിപ്പാത നിർമ്മിക്കുകയോ ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്ന് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വാർഡുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളും സംഘടനാ പ്രതിനിധികളും മോട്ടോർ വാഹന തൊഴിലാളികൾ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ രക്ഷാധികാരിയായും വാർഡ് മെമ്പർ തസ്ലീന നാസർ കൺവീനറായും, വിവിധ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി വിപുലമായ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ സ്ഥലം എം.എൽ.എ, എം.പി അടക്കമുളള ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥ൯മാർക്കും നിവേദനം സമർപ്പിക്കാനും, ഏപ്രിൽ 28-ന് വൈകുന്നേരം 5 മണിക്ക് പ്രദേശത്തെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നാഷനൽ ഹൈവേക്ക്
സമീപം പിക്കറ്റിങ് നടത്താനും തീരുമാനിച്ചു.