മുത്താമ്പി : പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കേണ്ട അധികാര കേന്ദ്രങ്ങൾ കണ്ണടച്ചിരിക്കുന്നു. വൈകുന്നേരമായാൽ ഇരുട്ട് മൂടുന്ന പാലത്തിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക, ഇരുവശത്തും ഒരാൾ പൊക്കത്തിൽ കമ്പി വേലി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുൻസിപ്പൽ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താനാണ് യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
ഒരുപാട് കുടുംബങ്ങൾക്ക് ജീവിത, വരുമാന മാർഗമായിരുന്ന മുത്താമ്പി പുഴയെ ഇന്ന് ജീവിതം അവസാനിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റുന്നതിൽ നിന്നും പിന്തിരിപ്പിക്കേണ്ടത് അധികാര കേന്ദ്രങ്ങളുടെയും, പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും അതിന് പാലത്തിൽ തെരുവ് വിളക്കുകളും, കമ്പി വേലികളും സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ആവശ്യപ്പെട്ടു.
ഒരു വർഷത്തിനിടയിൽ നിരവധി പേരാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തത്. പലപ്പോഴും മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനവുമായി രംഗത്തെത്താറ്. നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പലരും പാലത്തിൽ നിന്ന് ചാടുന്നത്. അടുത്ത ഇടയിൽ തന്നെ അഞ്ച് പേർ പുഴയിൽ ചാടി മരിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ മുത്താമ്പി പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നത് പോലീസിനും ഫയർ ഫോഴ്സിനും നാട്ടുകാർക്കും വലിയ തലവേദന സൃഷ്ടിക്കുന്നു. അവിടെ പാലത്തിന്റെ കൈവരികൾ ഉയർത്തിയോ വലകൾ സ്ഥാപിച്ചോ സുരക്ഷ ഒരുക്കിയാൽ ഇത് പരിഹരിക്കാമെന്ന് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി എടത്തിൽ ബാലകൃഷ്ണൻ പറഞ്ഞു.