സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ വേണ്ടി പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്ക്കരിക്കാൻ ശുപാർശ. ഡിവൈ.എസ്.പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർക്ക് കീഴിൽ വരുന്ന എല്ലാ സബ് ഡിവിഷനുകളിലും മൂന്നുവീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നാണ് ശുപാർശ. ലഹരിവിരുദ്ധ വേട്ടയുടെ സംസ്ഥാനതല മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡി.ഐ.ജി തസ്തിക സൃഷ്ടിക്കണമെന്നും ശുപാർശയിൽ നിർദേശമുണ്ട്. ഇപ്പോൾ ഇതര സംസ്ഥാനങ്ങളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക വിഭാഗമാണ് ലഹരിവേട്ടയുടെ ചുമതല നിർവഹിക്കുന്നത്. ഇതേ മാതൃകയില്‍ സംസ്ഥാനത്തും പ്രത്യേക വിഭാഗം വേണമെന്നതാണ് ആവശ്യം.
ഇപ്പോൾ സംസ്ഥാനത്തെ ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിന് പുറമെയാണ് പ്രത്യേകസംഘം. കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയക്ക് തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വിഭാഗത്തെ നിയോഗിക്കുന്നത്. ഓരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധന നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും.
പ്രത്യേക സംഘം വരുന്നതോടെ, ലഹരിക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതും ലഹരി ഇടപാടുകാരെ നിരീക്ഷിക്കുന്നതും ലഹരിവസ്തുക്കള്‍ പിടികൂടുന്നതുമെല്ലം സംഘത്തിന്റെ ചുമതലയാകും. വന്‍തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളടക്കം വിശദമായി പരിശോധിക്കും.