കൊടുവള്ളി: കേരള സർക്കാറിന്റെ കീഴിലുള്ള കെ-ഡിസ്ക് എന്ന സ്ഥാപനം നടത്തുന്ന യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈ.ഐ.പി) സംസ്ഥാനതലത്തിൽ വിജയികളായി 75000 രൂപ സമ്മാന തുക ലഭിച്ച പത്താം ക്ലാസിൽ പഠിക്കുന്ന അമാനി അമീൻ, കെ.ടി.ഫാത്തിമ ഷെറിൻ, അസീം മുഹമ്മദ് എന്നീ വിദ്യാർഥികളെ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ യും അധ്യാപകരും അനുമോദിച്ചു. ഇവരുടെ തെരുവ് നായ്ക്കളുടെ ആക്രമണം കുറയ്ക്കുന്നതിനുള്ള ‘Dog repelled using ultra sonic sensor’ എന്ന പ്രോജക്ടാണ് സംസ്ഥാനതലത്തിൽ അംഗീകാരം നേടിയത്. ഈ പ്രോജക്ട് കോഴിക്കോട് എൻഐടി യിലെ പ്രൊഫസർമാരുടെ മെൻറർഷിപ്പിൽ പ്രാവർത്തികമാക്കാനാണ് തീരുമാനം.
അനുമോദന പരിപാടി നഗരസഭ കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ.വി.അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ റെജി, പ്രധാനാധ്യാപിക എം.സുബിത, കെ.മുഹമ്മദ്, കെ.എൻ.മുഹമ്മദ് ബഷീർ , ഫിർദൗസ് ബാനു എന്നിവർ സംസാരിച്ചു.