പയിമ്പ്ര മഠത്തിൽ ശ്രീ ഗുരു ഭൈരവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി നടന്ന കുടുംബ സംഗമം പരിസ്ഥിതി പ്രവർത്തകനും ധ്യാനചിന്തകനുമായ ശാന്തിനികേതൻ ഡയറക്ടർ ഷാജുഭായ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘മാറുന്ന നൂറ്റാണ്ട് മാറേണ്ട കുടുംബം’ എന്ന വിഷയം അധികരിച്ച് പ്രഭാഷണവും നടത്തി. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി ഒരുപാട് സമ്പാദിച്ചു കൂട്ടാൻ നെട്ടോട്ടമോടുന്നതിനേക്കാൾ നല്ലത് അവരെ ജീവിത വൈപരീത്യങ്ങളിൽ പ്രതിരോധിക്കാൻ പ്രാപ്തിയുള്ളവരാക്കി വളർത്തുകയാണ് വേണ്ടതെന്നു കുടുബാംഗങ്ങൾ തമ്മിൽ അവഗണനയില്ലാതെ പരസ്പരം പരിഗണിച്ചാദരിക്കാൻ പഠിച്ചാൽ ഈ വിശ്വം തന്നെ ശാന്തമാവുമെന്നും ഷാജുഭായ് പറഞ്ഞു. മഠത്തിൽ ശ്രീഗുരു ഭൈരവ ക്ഷേത്രം പ്രസിഡണ്ട് അരവിന്ദാക്ഷൻ പിലാത്താരിൽ അദ്ധ്യക്ഷനായിരുന്നു. ഇ വേലായുധൻ. ഗുരുകുലം ബാബു, എം ലേഖ ടീച്ചർ രജീന്ദ്രൻ കെ.പി തുടങ്ങിയവർ സംസാരിച്ചു.
ക്ഷേത്ര തന്ത്രി പറമ്പിടി പുതുശ്ശേരി മോഹനൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും നടന്നു. വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, നൃത്തനൃത്യങ്ങൾ, ചിത്രരചന, അന്നദാനം, സംസ്കാരിക സമ്മേളനം തുടങ്ങിവയും നടന്നു. ലഹരിവിരുദ്ധനാടകം, കൂടാതെ വൃദ്ധ വൃക്ഷങ്ങൾ എന്ന നൃത്ത നാടകവും അരങ്ങേറി.