സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി. 2017 മുതൽ തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കി. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്.
രജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും. ഡിജിറ്റലൈസേഷൻ ശ്രമങ്ങളും നൂതനമായ പേയ്മെന്റ് സംവിധാനങ്ങളും അവതരിപ്പിക്കുന്നതിലൂടെ, പൊതുസേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന് കേരളം രാജ്യത്തിന് തന്നെ വീണ്ടും മാതൃകയാകുകയാണ്.