യുദ്ധമില്ലാത്ത ലോകത്തെ കുറിച്ചും ലോകസമാധാനത്തെ കുറിച്ചും അത്യന്തം ആകുലമായ മനസ്സുമായി ഫ്രാൻസിസ് മാർപാപ്പ മാനവരാശിയോട് പറയുമായിരുന്നു. അതിരുകൾ ഇല്ലാത്ത സ്നേഹം നമ്മെ പഠിപ്പിച്ച ഈശോയുടെ പ്രതിരൂപം തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെ കുറിച്ചെല്ലാം അങ്ങേയറ്റം ശാസ്ത്രാവബോധത്തോടെ പാപ്പ കുറിച്ചു വെച്ചു. പ്രകൃതിയെ നശിപ്പിക്കാതെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്ന് മനസ്സിൽ തട്ടി പറഞ്ഞു. പലായനം ചെയ്യേണ്ടി വരുന്ന അഭയാർത്ഥികളുടെ അന്യഥാ ബോധം, നിസ്സഹായത, ദൈന്യം അത് തിരിച്ചറിയാൻ ഫ്രാൻസ്സിസ് മാർപാപ്പക്ക് കഴിഞ്ഞു എന്നത് യാദൃച്ഛികമല്ല. തൻ്റെ പൂർവികർ അനുഭവിച്ച പീഢാനുഭവങ്ങളുടെ തുടർച്ച കൂടിയായിരുന്നു അത്. നാസി തടങ്കൽ പാളയങ്ങളിൽ ഹിറ്റ്ലർ കൊന്നുതള്ളിയ മനുഷ്യർ. 15 ലക്ഷം ജൂതരെ കൂട്ടകൊല നടത്തിയ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പ് സന്ദർശിച്ചു. നാസി ഭീകരതയെ അതിജീവിച്ച മനുഷ്യരെ കാണാനും കവിളുകളിൽ ചുംബിക്കാനും സമയം കണ്ടെത്തിയ മാർപാപ്പ എത്ര മാത്രം വ്യത്യസ്തനാണ്.
ലാളിത്യത്തെ ആശ്ലേഷിച്ച മാർപാപ്പ , ബ്യൂണസ് ഐറിസ് ആർച്ചു ബിഷപ്പായ കാലത്ത് തന്നെ നഗരപ്രാന്തത്തിലെ ചെറിയൊരു വീട്ടിൽ താമസിച്ചു. വത്തിക്കാൻ കൊട്ടാരത്തിലെത്തിയപ്പോൾ അവിടെയും രാജകീയ സൗകര്യങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. അസീസ്സിയിലെ ഫ്രാൻസിൻ്റെ ജീവകാരുണ്യവും പ്രകൃതി സ്നേഹവും എത്രമാത്രം തന്നെ സ്വാധീനിച്ചു എന്നതിൻ്റെ വിളംബരം കൂടിയാണ് ഫ്രാൻസിസിൻ്റെ നാമം സ്വീകരിക്കാൻ മാർപാപ്പക്ക് പ്രചോദനം. പ്രായമായവരോട് കരുണയും പ്രത്യേകമായ കരുതലും കാട്ടുക. അവരെ പ്രായാധിക്യം മൂലം പരിചരണ ഭവനങ്ങളിലേക്ക് ഒരിക്കലും അയക്കാതിരിക്കുക. അവരോടുള്ള കടപ്പാട് അത്രമാത്രം വലുതെന്ന ബോധം നമുക്ക് വേണം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രത്യേകമായി പരിഗണിക്കണമെന്ന് ഉറക്കെ പറയാനും വധശിക്ഷ ഒഴിവാക്കണമെന്ന് സമൂഹത്തെ നോക്കി അഭിപ്രായപ്പെടാനും കഴിഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ ജീവിത ദർശനങ്ങൾ കാലാതിവർത്തിയാണ്.
യുവാക്കളോട് യുക്തിഭദ്രവും സത്യസന്ധവുമായി സംവദിച്ച ഫ്രാൻസിസ് മാർപാപ്പ, മൊബൈൽ ഫോണിൻ്റെയും സെൽഫിയുടെയും ലോകത്തിൽ മാത്രം അഭിരമിക്കുന്ന പുതുതലമുറയെക്കുറിച്ചുള്ള തൻ്റെ സുചിന്തിതമായ അഭിപ്രായം സ്വല്പം നർമ്മബോധത്തോടെ വെളിപ്പെടുത്തുകയുണ്ടായി.
കോവിഡ് മഹാമാരിക്കാലത്ത് ലോകം ആകെ വിറങ്ങലിച്ചപ്പോൾ, കോവിഡിനോടൊപ്പം അനീതിയുടെയും സ്വാർത്ഥതയുടെയും അസമത്വത്തിൻ്റെയും വൈറസിനെ കൂടി നശിപ്പിക്കണം എന്ന് ചാക്രിക ലേഖനത്തിലൂടെ ലോകത്തെ ഉണർത്തിയ ഫ്രാസിസ് മാർപാപ്പ സവിശേഷതകൾ കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച മഹൽ രൂപം ആയിരുന്നു.
അമേരിക്ക ക്യൂബ ശീതസമരത്തിന് വലിയ രീതിയിൽ അയവു വരുത്തിയ ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികളെ തടയാൻ മതിൽ നിർമ്മിക്കുമെന്ന് പറഞ്ഞ ഡോണാൾഡ് ട്രംപിനെ നോക്കി, മതിലുകൾ അല്ല, പാലങ്ങളാണ് യഥാർത്ഥ ക്രിസ്ത്യാനി പണിയേണ്ടതെന്ന് ദൃഢമായി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് എല്ലാ അർത്ഥത്തിലും മാനവരാശി ഏറ്റു വാങ്ങിയ അപരിഹാര്യമായ നഷ്ടമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ദർശനവും സമീപനവും കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും.