കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടിയതായി ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. കൊലയാളി അസം സ്വദേശി അമിത് ഉറാങ്ങാണ് തൃശൂരിലെ മാളയിൽ പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ ഓഡിറ്റോറിയത്തിലെ മുൻ ജീവനക്കാരനാണ് ഇയാൾ. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടിയത് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വിജയകുമാർ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങിയ ഇയാൾ വിജയകുമാറിൻ്റെ വീട്ടിലെത്തി ബഹളംവച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു. ഈ വ്യക്തിവൈരാഗ്യം തീർക്കുന്നതിനായാണ് പ്രതി അമിത് ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും കോടലിയിലെ വിരലടയാളവും ഒന്നാണ്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
വീട്ടിൽ നിന്ന് സ്വർണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. വിജയകുമാറും ഭാര്യയും മാത്രമാണ് ഇവിടെ താമസം. മകൻ ഗൗതം ഏഴുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മകൾ ഗായത്രി ഭർത്താവിനൊപ്പം അമേരിക്കയിലാണ്.