പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വര്‍ദ്ധിപ്പിച്ച വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നൽകി. ശ്രീനഗറില്‍ നിന്നുള്ള യാത്രക്ക് വരുത്തിയ നിരക്ക് വര്‍ധന ഒഴിവാക്കാനാണ് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതായും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. ആറു മണിക്കൂറിനുള്ളില്‍ 3,337 യാത്രക്കാര്‍ ശ്രീനഗര്‍ വിട്ടതായാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ശ്രീനഗര്‍- ഡല്‍ഹി ടിക്കറ്റിന് 36,000 രൂപയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റുകള്‍ കിട്ടാതെയുമായി. എല്ലാ സര്‍വീസുകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയി. ശ്രീനഗറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുവാന്‍ കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കുകയായിരുന്നു.