ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.
കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട് (റെന്റ് എ ബൈക്ക്). ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍: പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍.