മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് (വെള്ളിയാഴ്ച) രാത്രി 10ന് ശബരിമല നടയടയ്ക്കും. ഇത്തവണത്തെ പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി മൂന്നര ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് ദേവസ്വം ബോഡിന്റെ കണക്ക്.
വിഷുദിവസത്തില്‍ കണിദര്‍ശനത്തിനും പൂജകള്‍ക്കും വേണ്ടിയാണ് കൂടുതല്‍ ഭക്തര്‍ എത്തിയത്. 46,645 പേര്‍ വിഷുദിവസം ദര്‍ശനം നടത്തി. പൈങ്കുനി ഉത്ര ഉത്സവത്തിനുവേണ്ടി ഏപ്രില്‍ ഒന്നിനാണ് നടതുറന്നത്.
ഏപ്രിൽ രണ്ടിന് ഉത്സവത്തിന് കൊടിയേറി. 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിച്ചു. വെര്‍ച്വല്‍ ക്യൂവും പമ്പയില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും ഒരു പരാതിപോലും ഇല്ലാതെ ഉത്സവവും മേടമാസ പൂജയും പൂര്‍ത്തീകരിക്കാനായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.