ആഫ്രിക്കയിൽ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശി നാട്ടിലെത്തി. ഇന്നലെ വൈകിട്ടാണ് മുംബൈയിൽ നിന്നും രജീന്ദ്രൻ വീട്ടിൽ എത്തിയത്. കുടുംബത്തെയും ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും വാരിപുണർന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്നാണ് രജീന്ദ്രൻ അടക്കമുള്ള 10 പേർ രക്ഷപെട്ടത്.
ചൊവ്വാഴ്ച രാത്രി തന്നെ ഇവർ മുംബൈയിൽ എത്തിയ ഇവരെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഓഫിസിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് കമ്പനിയുടെ മെഡിക്കൽ പരിശോധനയും പൂർത്തിയായതിനു ശേഷമാണ് വൈകിട്ട് മൂന്നു മണിയോടെ നാട്ടിൽ എത്തിയത്. മുംബൈയിലെ മറീടെക് ഏജൻസി ഓഫിസു വഴിയാണ് ഇവരെല്ലാം ബിട്ടു റിവർ എന്ന ചരക്ക് കപ്പലിൽ ജോലിക്കെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് രജീന്ദ്രൻ കപ്പലിൽ ചീഫ് കുക്കായി ജോലിയിൽ കയറിയത് . ലോമേ വിട്ട് അടുത്ത പോർട്ടിൽ എത്തിയാൽ കരാർ സമയം പൂർത്തിയാക്കി കപ്പലിൽ നിന്ന് ഇറങ്ങി നാട്ടിലെത്താനിരിക്കെയാണ് റാഞ്ചൽ നടന്നത്.
ബോട്ടിൽ രണ്ട് ദിവസം യാത്ര ചെയ്ത് രഹസ്യ കേന്ദത്തിൽ എത്തിച്ച് പാർപ്പിക്കുകയായിരുന്നുവെന്നും കൊള്ളക്കാർ ഉപദ്രവിച്ചിട്ടില്ലെന്നും രജീന്ദ്രൻ പറഞ്ഞു. നാട്ടിലേക്ക് വരാൻ ഇരിക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. കണ്ണ് കെട്ടിയിരുന്നില്ല, തോക്കിൻ മുനയിലാണ് 26 ദിവസവും പാർപ്പിച്ചത്. ബ്രഡും ന്യൂഡിൽസും അടക്കമുള്ള മിനിമം ഭക്ഷണം ആയിരുന്നു നൽകിയിരുന്നതെന്നും 5 കിലോഗ്രാം കുറഞ്ഞെന്നും രജീന്ദ്രൻ പറഞ്ഞു.
കപ്പലോട്ടക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്‍റിൽ ശൂന്യവേളയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മാർച്ച് 17 നു ബിട്ടു റിവർ എന്ന ചരക്കുകപ്പലിലെ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ഇതിൽ മൂന്നുപേർ റൊമാനിയക്കാരായിരുന്നു.