ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ് ശബരിമല മാസ്റ്റർ പ്ലാൻ സമിതിയുടെ അംഗീകാരത്തോടെ പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ശബരിമല തന്ത്രി, കണ്ഠരര് രാജീവര് എന്നിവർ ചേർന്നാണ്  ഉദ്ഘാടനം നിർവഹിച്ചത്. 

15.72 മീറ്റർ വീതിയിലും 21 മീറ്റർ നീളത്തിലുമാണ് പുതിയ കുളം നിർമ്മിക്കുന്നത്. 13 അടി ആഴത്തിൽ നിർമ്മിക്കുന്ന കുളത്തിൽ അ‍ഞ്ച് അടി ആഴത്തിൽ വെള്ളമുണ്ടാകും. ഓരോ മിനിറ്റിലും കുളത്തിലെ ജലം ശുദ്ധീകരിക്കുന്നതിനായി കുളത്തിനോട് ചേർന്ന് അ‍ഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കും. കുളത്തിലേക്കിറങ്ങാൻ എല്ലാ എല്ലാവശത്തും പടവുകൾ നിർമ്മിക്കും. പടിഞ്ഞാറ് വശത്തായി കുംഭം രാശിയിൽ സ്ഥിതി ചെയ്യുന്ന നിലവിലെ ഭസ്മകുളം തുടർന്നും ഭക്തർക്ക് ഉപയോഗിക്കാം.

ഐസിഎൽ ഫിൻകോർപ്പ് സി എംഡി അഡ്വ. കെ ജി അനിൽ കുമാറാണ് പുതിയ ഭസ്മക്കുളം വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്. കെ മുരളീധരൻ നായർ, ശിൽപി രാജേഷ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരിബാബു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.