വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള വീടുകളുടെ നിർമ്മാണം ആരംഭിച്ചു. നവംബർ മാസത്തോടെ വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 70 ദിവസങ്ങൾക്കുള്ളിൽ പണിപൂർത്തിയാക്കി ഗുണമേന്മ ബോധ്യപ്പെടുത്താനായുള്ള മാതൃക വീടിന്റെ നിർമ്മാണം ആരംഭിച്ചു. ടൗൺഷിപ്പിലേക്കുള്ള മൂന്ന് റോഡുകളുടെ പണിയും ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ദുരന്തം വിതച്ച മുണ്ടക്കൈയിൽ ഗതിമാറി ഒഴുകി ഇല്ലാതായ പുന്നപ്പുഴയെ സ്വാഭാവിക ഗതിയിലേക്ക് ഒഴുക്കി വിടാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഉരുളിൽ പാറക്കെട്ടുകളും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയ പുഴയിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തിയാണ് ആദ്യം ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പുന്നപ്പുഴ പുനർനിർമ്മിക്കാനുള്ള പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ഓരോ കുടുംബങ്ങൾക്കും ഏഴ് സെന്റിൽ ആയിരം ചതുരശ്രയടി വീടാണ് നിർമിച്ചുനൽകുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക.