മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ്വ രേഖ – ചരിത്രത്താളുകളിലൂടെ എം.സി വസിഷ്ഠ്

കോഴിക്കോട് റീജ്യണല്‍ ആര്‍ക്കൈവ്സിലെ സെലക്ടട് റെക്കോര്‍ഡ്സ് 22 എന്ന ഫയല്‍ മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചും പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കന്മാരെക്കുറിച്ചും അവരുടെ ആശയനിലപാടുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കുന്നു.
1936 ല്‍ മലബാറിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ വടക്കന്‍ മലബാറിലേക്ക് നയിച്ച ഒരു ജാഥയെക്കുറിച്ച് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ കുമാരന്‍ (നമ്പര്‍ 1042) നല്‍കുന്ന റിപ്പോര്‍ട്ടിലാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ കാണുന്നത്.
ഈ റിപ്പോര്‍ട്ടില്‍ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളും കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് നേതാക്കളായ പി.കൃഷ്ണപ്പിള്ള, എ.കെ.ഗോപാലന്‍, വി.പി.കുഞ്ഞിരാമ കുറുപ്പ്, കെ.എ.കേരളീയന്‍, സി.കെ.ഗോവിന്ദന്‍ നായര്‍, മൊയ്യാരത്ത് ശങ്കരന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും  പ്രസംഗങ്ങളുമാണ് വിശദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലബാറിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടത്തിലാണ് കോണ്‍ഗ്രസ്സിന്റെ ഈ ജാഥ സംഘടിപ്പിക്കപ്പെടുന്നത്. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേക്കുള്ള  തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ ജാഥ. പല സന്ദര്‍ഭങ്ങളിലും നേതാക്കള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
1936 ലെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സിനകത്തുള്ള കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും ഒരുമിച്ചാണ് നേരിട്ടത്. എ.കെ.ഗോപാലന്റെ 1936 ലെ ഐതിഹാസികമായ പട്ടിണിജാഥക്ക് മൂന്ന് മാസം മുമ്പാണ് കോണ്‍ഗ്രസ്സിന്റെ ഈ ജാഥ. 1930 ല്‍ ലോകമെമ്പാടുമുണ്ടായ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് അതിഭീകരമായ ദാരിദ്ര്യവും  തൊഴിലില്ലായ്മയുമാണ് അന്ന് മലബാറില്‍ ഉണ്ടായത്.  ബ്രിട്ടീഷുകാരുടെ മര്‍ദ്ദന ഭരണവും ഉയര്‍ന്ന ഭൂനികുതിയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. ഈ വിഷയങ്ങളെല്ലാം തന്നെ നേതാക്കന്മാര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടിലെ പ്രശസ്തഭാഗങ്ങള്‍
1936 ഫെബ്രുവരി 9ാം തീയതി  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗേള്‍സ് സ്‌കൂളിന്റെ മുന്നില്‍ യോഗം ചേര്‍ന്നു. ഇ.പി.കുഞ്ഞിരാമകുറുപ്പ്  രാജ്യത്തെ ഇപ്പോഴത്തെ ദാരിദ്ര്യത്തെക്കുറിച്ചും  തൊഴിലില്ലായ്മയെക്കുറിച്ചും സംസാരിച്ചു. എ.കെ.ഗോപാലന്‍ തന്റെ പ്രസംഗത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മര്‍ദ്ദന നയങ്ങളെക്കുറിച്ച് സംസാരിച്ചു. ഇംഗ്ലണ്ടിലെ നാലരകോടി ജനങ്ങളാണ് ഇന്ത്യയിലെ 36 കോടി ജനങ്ങളെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റഷ്യയിലെ ഇപ്പോഴത്തെ നിലയെയും ഈ നിലയിലേക്ക് റഷ്യ എങ്ങനെ എത്തി എന്നും അദ്ദേഹം ജനങ്ങളെ പറഞ്ഞു ധരിപ്പിച്ചു. 1930 കളില്‍ ലോകമുതലാളിത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു സാമ്പത്തിക തകര്‍ച്ച. ഈ തകര്‍ച്ചയെ അതിജീവിച്ച അന്നത്തെ ലോകത്തിലെ ഏകരാജ്യം യു.എസ്.എസ്.ആര്‍ അഥവാ സോവിയറ്റ് റഷ്യ ആയിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ.ഗോപാലന്‍ റഷ്യയെ കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.
രാജ്യത്തെ കൃഷിക്കാരും തൊഴിലാളികളും സ്വരാജ് കിട്ടുന്നത്  വരെ സമരം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
09.02.1930 ന് വൈകുന്നേരം 6.30 ന് ബാലുശ്ശേരിയില്‍ നടന്ന പൊതുയോഗത്തില്‍ സി.കെ.ഗോവിന്ദന്‍ നായരും എ.കെ.ഗോപാലനും സംസാരിച്ചു. ജഗദീഷ്ചന്ദ്ര ചാറ്റര്‍ജിയുടെ നിരാഹാരവ്രതത്തെ യോഗം പിന്തുണക്കുകയും  ഐക്യകണ്ഠേന അതിനെ അനുകൂലിച്ച് കൊണ്ട് പ്രമേയം പാസ്സാക്കുകയും ചെയ്തു.
11.02.1936 ന് കൊയിലാണ്ടി സ്‌കൂളിനടുത്ത് ചേര്‍ന്ന യോഗത്തില്‍ എം.അപ്പുക്കുട്ടന്‍ നായര്‍ അദ്ധ്യക്ഷനായി. യോഗത്തില്‍ പി.കൃഷ്ണപ്പിള്ള, എ.കെ.ഗോപാലന്‍, സി.കെ.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളുടെ പ്രസംഗത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഭൂനികുതിയെപ്പറ്റിയും തൊഴിലില്ലായ്മയെക്കുറിച്ചും ഹിന്ദു മുസ്ലീം ഐക്യത്തെ കുറിച്ചും സംസാരമുണ്ടായി. യോഗത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇന്ത്യന്‍ ഗവണ്‍മെന്റിനെ വിഭജിച്ച് ഭരിക്കുക എന്ന നയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായി.
12.02.1936 ന് വടകരയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കൃഷ്ണപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് ജാഥയുടെ ഉദ്ദേശ്യം അദ്ദേഹം വിശദീകരിച്ചു.  യോഗത്തിനുശേഷം ജാഥ വടകരയില്‍ നിന്നും ചോമ്പാലയിലേക്ക് തിരിച്ചു. ചോമ്പാലയില്‍ മൊയ്യാരത്ത് ശങ്കരന്‍ അടങ്ങിയ ഒരു സംഘം ജാഥയെ സ്വീകരിച്ചു.
13.02.1936 ന് ചൊക്ലി സ്‌കൂളിന് സമീപത്ത് വെച്ച് ചേര്‍ന്ന യോഗത്തില്‍ പി.കൃഷ്ണപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഈ ഭാഗത്ത് പോലീസ് ഉദ്യോഗസ്ഥന്‍ നേതാക്കന്മാരുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം  കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണെന്ന് കൃഷ്ണപ്പിള്ള പ്രസ്ഥാവിച്ചു. സാധുക്കളായ കൃഷിക്കാരും തൊഴിലാളികളും കോണ്‍ഗ്രസ്സിനെ അനുകൂലിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വരാജ്യം കിട്ടുകയുള്ളു. രാജ്യത്തെ തൊഴിലാളികള്‍ എടുക്കുന്ന പ്രവര്‍ത്തിക്കനുകൂലമായ കൂലി കിട്ടുന്നില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. തൊഴിലാളികളെടുക്കുന്ന പ്രവര്‍ത്തിക്കനുകൂലമായ കൂലി കിട്ടുന്നില്ല. മൊയ്യാരത്ത് ശങ്കരന്‍ തന്റെ പ്രസംഗത്തില്‍  മുതലാളിത്തലവന്‍മാരാണ് രാജ്യത്തെ ഭരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഭരിക്കുന്നത്  നമ്മുടെ രാജ്യത്തെ ധനമെല്ലാം കൊണ്ടുപോവാനാണ്.  മൊണ്ടാഗു- ചെംസ്‌ഫോര്‍ഡ് ഭരണത്തേക്കാള്‍ തമാശയുള്ള ഭരണമാണ് രാജ്യത്തിപ്പോള്‍ ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
02.03.1936 ന്  കോട്ടയം താലൂക്കിലെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ചേര്‍ന്ന യോഗത്തില്‍ പി.കൃഷ്ണപ്പിള്ള കെ.എ.കേരളീയന്‍ എന്നിവര്‍ പ്രസംഗിച്ചു. 1936 മാര്‍ച്ച് 5 ന് ധര്‍മ്മടത്ത് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സിനകത്ത് 2 പാര്‍ട്ടികളുണ്ടെന്ന് എ.കെ.ഗോപാലന്‍ പറഞ്ഞു. ഒന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി ബോര്‍ഡ്, രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി.  180 കൊല്ലത്തെ ബ്രിട്ടീഷ് ഭരണം കൊണ്ട് നമുക്കെന്ത് നേട്ടമാണുണ്ടായതെന്നും  അദ്ദേഹം ചോദിച്ചു.
1885 ല്‍ കോണ്‍ഗ്രസ്സ് സ്ഥാപിക്കപ്പെട്ടതിനു ശേഷമുള്ള ചരിത്രം അദ്ദേഹം ഹ്രസ്വമായി വിവരിച്ചു. 1936 മാര്‍ച്ച് 8 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭീകരവിരുദ്ധ നിയമരപ്രകാരം (റഗുലേഷന്‍ നമ്പര്‍ 111,1818) സുഭാഷ് ചന്ദ്രബോസിനെ അറസ്റ്റ് ചെയ്തു. 1936 ഏപ്രില്‍ 9 ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിച്ചു. 1930 കളില്‍ കോണ്‍ഗ്രസ്സിനകത്ത് വര്‍ദ്ധിച്ച് വരുന്ന ഇടത്പക്ഷ, സോഷ്യലിസ്റ്റ് സ്വാധീനത്തിന് തെളിവായിരുന്നു ഈ സംഭവം. കുമാരന്റെ റിപ്പോര്‍ട്ടിന്റെ അവസാനഭാഗം ഇംഗ്ലീഷിലാണ്. ഇതിനിടയില്‍ അദ്ദേഹം പലതവണ കോഴിക്കോട്ട് സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശനം നടത്തിയ ദിവസങ്ങളും സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളും അദ്ദേഹം രേഖപ്പെടുത്തുന്നുമുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനോടൊപ്പം തന്നെ  അദ്ദേഹം ഷോര്‍ട്ട് ഹാന്റിലെഴുതിയെടുത്ത റിപ്പോര്‍ട്ടും  കൂടെയുണ്ട്.  ചുരുക്കത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മലബാറിലെ ബ്രിട്ടീഷ് ഭരണത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കന്മാരുടെ ഓരോ ചലനത്തെയും  പിന്തുടര്‍ന്നതിന്റേയും അവരുടെ  പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിനുള്ള ആശങ്കയുമാണ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്. മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ്വമായ ചരിത്രരേഖ ചരിത്ര ഗവേഷകര്‍ക്കും ചരിത്രകുതുകികള്‍ക്കും മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ മുന്‍ നിരയിലുണ്ടായിരുന്ന നേതാക്കന്മാരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ചും  പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് പ്രദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published.

Previous Story

ആഫ്രിക്കയിൽ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശി നാട്ടിലെത്തി

Next Story

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്