വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ തുറമുഖം വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതുവരെ 250-ലധികം കപ്പലുകൾ തുറമുഖത്തേക്ക് എത്തിയിരുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് പങ്കിടുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹരിച്ചതോടെയാണ് ഔപചാരിക ഉദ്ഘാടനത്തിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്.
കൺസെഷനർ ആയ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് 817.80 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകേണ്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നുള്ള വരുമാനത്തിന്റെ 20% ആണ് വിഹിതം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് നൽകേണ്ടത്. കഴിഞ്ഞ മാർച്ചിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുറമുഖ വികസനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥിതിക അനുമതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഷെഡ്യൂളുകളിലെ ഒഴിവ് അനുസരിച്ചാണ് മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നിശ്ചയിച്ചിട്ടുള്ളത്.