കേരളത്തിൻ്റെ വടക്കൻ ജില്ലകളിലെ കാലാവസ്ഥാപ്രവചനത്തിന് വയനാട് പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ക്യാമ്പസ് ഭൂമിയിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിതമാകുന്നു. സംസ്ഥാന ദുരന്തവിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പാണ് എക്സ് ബാൻഡ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയത്.
30 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഭൂമി ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. 2024 സെപ്തംബർ മുതൽ തുടങ്ങിയ നീക്കങ്ങൾ വരുന്ന കാലവർഷം പകുതി പിന്നിടുമ്പോഴേക്കും ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷ. 30 കോടി ചെലവ് വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ കാസർകോടിൻ്റെ പകുതി ഭാഗം കണ്ണൂർ, കോഴിക്കോടിൻ്റെ സിംഹഭാഗവും വയനാട് പൂർണമായും മലപ്പുറത്തിൻ്റെ കുറഞ്ഞ ഭാഗവും റഡാർ പരിധിയിൽ വരും. 100 മീറ്റർ പരിധിയിലാണ് നിരീക്ഷണം സാധ്യമാകുക. ഇടയിൽ വരുന്ന മലകളും കുന്നുകളും കാഴ്ച മറയ്ക്കുന്നതു കൊണ്ടാണ് ചില ഭാഗങ്ങൾ പതിയാതെ പോകുന്നത്. ഇത് പൂർത്തിയാകുന്നതോടെ കേരളം ഒന്നടങ്കം റഡാർ നിരീക്ഷണത്തിലാകും. മംഗളൂരുവിൽ സി ബാൻഡ് ഡോപ്ലർ റഡാറിൻ്റെ നിർമാണം പുരോഗിക്കുകയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ കർണാടകത്തിൻ്റെ തെക്കൻ ജില്ലകൾക്ക് പുറമേ, കാസർകോട്, കണ്ണൂർ ജില്ലകളും നിരീക്ഷണ പരിധിയിൽ വരും.