കൂരാച്ചുണ്ട് : മാനത്ത് മഴ മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ മീനാക്ഷിയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘം പടരും. കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ് കരിയാത്തുംപാറ ഉരക്കുഴി മേഖലയിലാണ് വയോധികയും വിധവയുമായ പുതുക്കുടി മീനാക്ഷി (61) താമസിക്കുന്നത്. ഭാഗികമായി നിർമ്മിച്ച വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് ആഗസ്ത് മാസത്തിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് നിലംപൊത്തി. വീട്ട് സാമഗ്രികൾ ഉൾപ്പടെ അന്ന് നശിച്ചിരുന്നു. മേൽക്കൂരയില്ലാത്തതിനാൽ മഴ പെയ്താൽ വീടിന്റെ മുഴുവൻ ഭാഗത്തും വെള്ളം കയറും. ഇതോടെ ചുവരുകളും ദ്രവിച്ചു പോകുമെന്ന ആശങ്കയുമുണ്ട്.
2018ലാണ് മീനാക്ഷിക്ക് പഞ്ചായത്തിൽ നിന്നും ഭവന നിർമാണ ധനസഹായമായി രണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നത്. അങ്ങനെയാണ് വീടിന്റെ ഭാഗികമായ നിർമ്മാണം നടന്നിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ മീനാക്ഷിയും കൂലിപ്പണിക്കാരനായ മകനും തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. വീട് അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല.
കാലവർഷക്കെടുതിയിൽ വീടിന് നാശം സംഭവിച്ചതുമായി ബന്ധപ്പെട്ട് റവന്യു അധികൃതർക്ക് മീനാക്ഷി പരാതി നൽകിയിരുന്നു. പഞ്ചായത്ത് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കും നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ മേൽക്കൂര അറ്റക്കുറ്റപ്പണിക്കെങ്കിലും തുക ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്ന സ്ഥിതിയുള്ളതിനാൽ ഇവരെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നുണ്ട്. അടച്ചുറപ്പുള്ള വീട്ടിൽ പേടി കൂടാതെ ഇനിയുള്ള കാലമെങ്കിലും ജീവിക്കാൻ സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷിയും മകനും കഴിയുന്നത്.