ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഊരാക്കുടിക്കിലകപ്പെട്ടത് ചെങ്ങോട്ടുകാവ് നിവാസികള്‍. നിലവില്‍ ദേശീയപാത കടന്നുപോകുന്നത് ചെങ്ങോട്ടുകാവ് ടൗണിലൂടെയാണ്. പുതുതായി റോഡ് നിര്‍മ്മിച്ചത് ടൗണിന്റെ പടിഞ്ഞാറ് വശത്തുകൂടിയാണ്. ഇതുകാരണം ചെങ്ങോട്ടുകാവിന്റെ കിഴക്ക് വശത്ത് താമസിക്കുന്നവര്‍ക്ക് കൊയിലാണ്ടി ഭാഗത്തേക്ക് വരാന്‍ പൊയില്‍ക്കാവ് വരെ സര്‍വ്വീസ് റോഡിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിക്കണം. പൊയില്‍ക്കാവില്‍ എത്തി പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിലൂടെ കടന്നു അപ്പുറത്ത് എത്തി സര്‍വ്വീസ് റോഡിലൂടെ വീണ്ടും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാലെ ചെങ്ങോട്ടുകാവ് റെില്‍വേ മേല്‍പ്പാലത്തിന് സമീപം എത്താന്‍ കഴിയുകയുള്ളു.
ചേലിയയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന ബസ്സുകള്‍ ഉള്‍പ്പടെയുളള വാഹനങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ചെങ്ങോട്ടുകാവില്‍ നിന്ന് വടക്കോട്ട് തിരിഞ്ഞ് ഹൈവേയിലൂടെ കൊയിലാണ്ടിയില്‍ എത്തുന്നതിന് പകരം പൊയില്‍ക്കാവ് വരെ പോയി അണ്ടര്‍പാസ് കടന്നു മറുപുറമെത്തി യാത്ര ചെയ്യേണ്ട അവസ്ഥ വരും. ചേലിയ റോഡിലേക്ക് തിരിയുന്നിടത്ത് നിന്ന് കഷ്ടിച്ച് 20 മീറ്റര്‍ ദൂരത്ത് റോഡ് വികസിപ്പിച്ചാല്‍ യാത്ര സുഗമമാകും. ഈ സ്ഥലത്ത് കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡ് ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ പോകുന്ന തരത്തില്‍ വികസിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്. സര്‍വ്വീസ് റോഡിന് വീതി കുറവായത് കാരണം ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും ചെങ്ങോട്ടുകാവില്‍ നിന്ന് അണ്ടര്‍പാസിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് വരാന്‍ കഴിയുന്നില്ല.
ചെങ്ങോട്ടുകാവ് ഭാഗത്ത് ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. റോഡ് പണി പൂര്‍ത്തിയാകുമ്പോള്‍ ഈ ഭാഗത്ത് ഇരുവശത്തേക്കും പോകാനുള്ള വീതി ഉണ്ടാവുമെന്നാണ് എന്‍.എച്ച്.എ.ഐ അധികൃതര്‍ പറഞ്ഞതെന്ന് ഷീബ മലയില്‍ പറഞ്ഞു. വീതി കുറവാണെങ്കില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.