പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എൻ.കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേരള ഹൈകോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികൾക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും ആയിരുന്നു എൻ.ഐ.എ വാദം. അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജാതാക്കറെ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ വിശദാംശങ്ങൾ പരിശോധിച്ച സുപ്രീംകോടതി എന്നാൽ ഗൗരവമേറിയ കാര്യങ്ങൾ ഒന്നും അതിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്.
