ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ച് “സുസ്ഥിര ജീവിതരീതികൾ പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക” എന്ന ഉദ്ദേശ്യത്തോടെയുള്ള സസ്റ്റൈനബിൾ ലിവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് നിർമ്മിതമായതുൾപ്പെടയുള്ള, ഒറ്റതവണ മാത്രം ഉപയോഗിച്ച് കളയുന്ന വസ്തുക്കളുടെ ഉപഭോഗം പരമാവധി ഒഴിവാക്കിക്കൊണ്ടും പകരം ഉപയോഗിക്കാവുന്ന ബദൽ മാർഗങ്ങൾ അവലംബിച്ചു കൊണ്ടും പരിസ്ഥിതി സൗഹാർദ്ദ ജീവിതരീതികൾ പിന്തുടർന്ന് കൊണ്ടുള്ള മാതൃകാപരമായ അവബോധ പ്രവർത്തനങ്ങൾ ഒരുക്കുക എന്ന ആശയം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വടകര നഗരസഭയിലെയും ചോറോട്, മണിയൂർ, വില്യാപ്പള്ളി, ഒഞ്ചിയം, ഏറാമല, അഴിയൂർ എന്നീ സമീപ പഞ്ചായത്തുകളിലെയും മുഴുവൻ ഹരിത കർമ്മസേന അംഗങ്ങൾക്കും ഇൻവോൾവിൻ്റെ നേതൃത്വത്തിൽ സ്റ്റീൽ വാട്ടർ ബോട്ടിലുകൾ സമ്മാനിച്ചു. ക്രസന്റ് ബിൽഡേഴ്സ് (കോഴിക്കോട്) ആണ് ഈ പ്രോജക്ട് സ്പോൺസർ ചെയ്തത്.
ഏപ്രിൽ 12 ശനിയാഴ്ച രാവിലെ കൈനാട്ടി ബ്ലോസം ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പയിൻ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇൻവോൾവ് ദശവാർഷികാഘോഷ സംഘാടക സമിതി രക്ഷാധികാരിയുമായ പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഹരിതകർമ്മസേന പ്രതിനിധികൾ മുഴുവൻ അംഗങ്ങൾക്കുമുള്ള ബോട്ടിലുകൾ ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ പി പി രാജന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇൻവോൾവ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സ്വരൂപ് രയരോത്ത് സുസ്ഥിര ജീവിത ശൈലിയെക്കുറിച്ച് ആമുഖ ഭാഷണം നടത്തി. ഹരിത കർമ്മ സേന പ്രതിനിധികൾ മറുമൊഴിയർപ്പിച്ച് സംസാരിച്ചു. ഇൻവോൾവ് ജനറൽ സെക്രട്ടറി ദീപേഷ് ഡി ആർ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് സുധീഷ് ഇ കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.