വേനലവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള വേനൽ മഴയും വകവെയ്ക്കാതെയാണ് സഞ്ചാരികൾ കരിയാത്തും പാറയിലും തോണിക്കടവിലുമെത്തുന്നത്. മഴ നനഞ്ഞും അവധി ദിവസങ്ങൾ ആഘോഷമാക്കാൻ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ഏറെയാണ്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകളും ഇവിടേക്ക് ധാരാളമായി എത്തുന്നുണ്ട്. കരിയാത്തുംപാറക്കും തോണിക്കടവിനും പുറമേ കക്കയം ഡാം സൈറ്റിലും ഉരക്കുഴിയിലുമെത്തി സമയം ചെലവഴിച്ചാണ് മിക്ക സഞ്ചാരികളും മടങ്ങുന്നത്.
ഓരോ വർഷം കൂടുന്തോറും തിരക്ക് കൂടുന്ന സാഹചര്യമാണെങ്കിലും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതി ശക്തമാണ്. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിന് പോലും മതിയായ സൗകര്യങ്ങളില്ല. ഗതാഗതകുരുക്കിന് കാരണമാകുന്ന റോഡരികിലെ ടിക്കറ്റ് കൗണ്ടർ ടൂറിസം കേന്ദ്രത്തിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ നടപടികൾ കൈകൊണ്ടിട്ടില്ല. ടൂറിസം കേന്ദ്രത്തിനുള്ളിലുള്ള ടിക്കറ്റ് പരിശോധന കേന്ദ്രം പ്ലാസ്റ്റിക് ടാർപായ് കൊണ്ടും ഗ്രീൻ നെറ്റ് കൊണ്ടും വലിച്ചു കെട്ടിയ ശോചനീയാവസ്ഥയിലുമാണ്. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കരിയാത്തുംപാറയുടെ മനോഹാരിത അറിഞ്ഞവര്‍ വീണ്ടുമെത്തുന്നു എന്നതാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്കുള്ള ആശ്വാസം.
‘കരിയാത്തുംപാറ : മരതകപ്പട്ടുടുത്ത മലകളുടെ തോഴി’
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ സഞ്ചാരികളുടെ മനം കവരുകയാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ അന്തരീക്ഷവും പച്ച വിരിച്ച ചോലകളും തേടുന്ന യാത്രികർക്ക് ഉചിതമായ സ്ഥലമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിത കാരണം കരിയാത്തുംപാറയ്ക്ക് മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിപ്പേരുകളുണ്ട്.
കക്കയം ഡാമിന്റെ താഴ്‌വാരയ്ക്ക് കീഴിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മലനിരകളിറങ്ങി വരുന്ന സ്ഫടിക ജലം, ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ, കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ, മാനം മുട്ടുന്ന മലകൾ, ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചകളുമൊക്കെയാണ് ഇവിടുത്തെ ഏറ്റവും ആകർഷണം. ഇരുകരകളിലുമായി വെള്ളത്തിലേക്ക് മുഖം നോക്കിയിരിക്കുന്ന അക്വേഷ്യമരങ്ങൾ കരിയാത്തുംപാറയുടെ ഭംഗി വർധിപ്പിക്കും. വിനോദ സഞ്ചാരികൾ വെള്ളത്തിൽ മുങ്ങിയുള്ള അപകട മരണങ്ങൾ വർധിച്ചതോടെ അതിരുകൾ ഇരുമ്പ് വേലികൾ കെട്ടി ഗേറ്റ് വെച്ച് പ്രവേശനഫീസ് ഏർപെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശന ഫീസ് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.
ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് വരുന്നവർക്ക് കരിയാത്തുംപാറയ്ക്കു പുറമേ സന്ദർശിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങളും സമീപത്തായുണ്ട്. കക്കയം ഡാം സൈറ്റ്, തോണിക്കടവ്, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം, മുത്താശ്ശിപ്പാറ, ജാനകിക്കാട് എന്നിവിടങ്ങളൊക്കെ സന്ദർശിച്ച് മടങ്ങാം. കോഴിക്കോട് നിന്ന് രണ്ട് വഴികളുണ്ട് കരിയാത്തുംപാറയിലേക്ക്, ബാലുശ്ശേരിയെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയെത്താം. താമരശേരി വഴി വരുന്നവർക്ക് പൂനൂർ എസ്റ്റേറ്റ്മുക്ക് വഴിയും ഇവിടെയെത്താം.