കണ്ണൂരിൽ നിന്ന് മസ്‌ക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ഏപ്രിൽ 20 മുതൽ സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി പുതിയ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കറ്റിൽ എത്തും. തിരിച്ച് മസ്‌കറ്റിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ മലബാർ മേഖലയേയും ഗൾഫ് രാജ്യത്തേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമഗതാഗതം കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ സർവീസ് ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ നിന്ന് ഗൾഫ് ലക്ഷ്യസ്ഥാനമുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറും.