കീം പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ മോഡൽ പരീക്ഷ എഴുതാം. കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന “കീ ടു എൻട്രൻസ്” പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറി വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് അറിയിച്ചു. http://entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് പരീക്ഷ.
കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാവുന്നതാണ്. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ എൻട്രൻസ് മോഡൽ പരീക്ഷ പിന്നീട് നടത്തും.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂടൂബിലുമായി കഴിഞ്ഞ 5 മാസമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 300 ഓളം വീഡിയോ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ http://entrance.kite.kerala.gov.in പോർട്ടലിൽ കാണുന്നതിനും അവസരമുണ്ട്. ഓരോ യൂണിറ്റിനും ശേഷം ആവശ്യാനുസരണം ടെസ്റ്റുകൾ എടുക്കാനുള്ള അവസരം നേരത്തേ നൽകിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ എഞ്ചിനീയറിങ് മോഡൽ പരീക്ഷ നടത്തുന്നത്. മോക്‌ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.