കോഴിക്കോട്: സംഘപരിവാർ മുന്നോട്ടുവെക്കുന്ന വര്‍ഗീയതയും മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയവും തടയാൻ പ്രവർത്തകർ
ദൃഡനിശ്ചയം ചെയ്യണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ആഹ്വാനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ലീഡർ കെ. കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ ഉമ്മൻചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.
കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള കരുത്താകും പുതിയ ഓഫീസ് കെട്ടിടം. ജനങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് കോട്ടം വരുത്താന്‍ ഇടയാക്കരുത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. മക്കളെ സമ്പന്നരാക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും പിണറായിയുടെ അഴിമതി നാടകത്തിന്റെ തിരശീല വൈകാതെ താഴുമെന്നും സുധാകരൻ പറഞ്ഞു.
മഹാത്മ ഗാന്ധി പ്രതിമയിലല്ല ഹൃദയത്തിലാണ് വേണ്ടതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് എല്ലാ കോണ്‍ഗ്രസുകാരുടെയും മനസില്‍ ഗാന്ധി ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പുതിയ ഓഫീസ് കെട്ടിടത്തിലൂടെ ചരിത്രം രചിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജില്ലയില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ഉണ്ടാവണം. വരുന്ന നിയമസഭ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തകര്‍ക്കുള്ള വാഗ്ദാനമാണെന്നും പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കാനെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
നീതിക്കും ന്യായത്തിനുമായി പോരാടാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും പുതിയ ഓഫീസ് അതിന് ഭാഗ്യം പകരട്ടെയെന്നും ദീപ ദാസ് മുന്‍ഷി ആശംസിച്ചു.