മേപ്പയ്യൂർ: ക്വാറി മാഫിയയുടെ ക്വട്ടേഷൻ ടീമിനെ പോലെയാണ് മേപ്പയ്യൂർ പോലീസിൻ്റെ പ്രവർത്തനമെന്ന് രാഷ്ട്രീയ ജനതാദൾ ആരോപിച്ചു. പരിസ്ഥിതി ലോലമായ കീഴ്പയ്യൂർ പുറക്കാ മലയിലെ കരിങ്കൽ ഖനനത്തിനെതിരായ തദ്ദേശ വാസികളുടെ ചെറുത്തുനിൽപിനെതിരെ നിരന്തരം കള്ളകേസുകളെടുക്കുന്നു. ഖനന ലോബി പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ മത്സരിക്കുന്ന പോലീസ്, ക്വാറി മാഫിയ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ വീടിന് നേരെ നടത്തിയ ആക്രമണവും സമര പന്തൽ നശിപ്പിച്ച പരാതിയും അന്വേഷിക്കാൻ പോലും തയ്യാറാവുന്നില്ല. സമരം കാണാനെത്തിയ കുട്ടിയെ പോലും പോലീസ് വളഞ്ഞിട്ടാക്രമിച്ചു. കെ. ലോഹ്യക്ക് ജില്ലാ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനുള്ള കുത്സിത ശ്രമങ്ങളാണിപ്പോൾ പോലിസ് നടത്തുന്നത്.
പോലീസ് വേട്ടയാടലിനെതിരെ വിഷു ദിനത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനു മുന്നിൽ കെ. ലോഹ്യ നടത്തുന്ന സത്യഗ്രഹ സമരത്തിനൊപ്പം ആർജെ.ഡി. പ്രവർത്തകരും അണിനിരക്കും. ജനവിരുദ്ധവും നീതി നിരക്കാത്തതുമായ നാണം കെട്ട നിലപാടുകളിൽ നിന്ന് മേപ്പയ്യൂർ പോലീസ് പിന്മാറണമെന്നും ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി.