ചേമഞ്ചേരി: ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ 26 വർഷമായി അഭയം ചേമഞ്ചേരി നൽകി വരുന്ന സേവനങ്ങൾ സമാനതകളില്ലാത്തതാണെന്ന് ശ്രീ ഷാഫി പറമ്പിൽ എം.പി പറഞ്ഞു. തന്റെ കാലശേഷം ഭിന്നശേഷിക്കാരനായ തന്റെ കുട്ടി നിരാലംബമാകില്ലെന്ന് ഉറപ്പു നൽകി, അത് പ്രാവർത്തികമാക്കി വരുന്ന ഒരു പറ്റം സുമനസ്സുകളുടെ കൂട്ടായ്മയാണ് അഭയമെന്നും, അഭയത്തോടൊപ്പം ഒരു ജനപ്രതിനിധി എന്ന നിലക്ക് താനും ഈ സമൂഹവും എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്രീ ഷാഫി പറമ്പിൽ വ്യക്തമാക്കി. അഭയം റസിഡൻഷ്യൽ കെയർ ഹോമിന്റെ രണ്ടാം ബ്ലോക്കിന്റെ (രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ ) ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയം ജിദ്ദ യൂനിറ്റും , അൽ ഐൻ യൂനിറ്റും സംയുക്തമായി നിർമ്മിച്ചു നൽകിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. അഭയം പ്രസിഡണ്ട് എം സി മമ്മദ് കോയ അധ്യക്ഷത വഹിച്ച യോഗത്തിൽ മാടഞ്ചേരി സത്യനാഥൻ, എം.പി ശിവാനന്ദൻ, ഷീല സുരേന്ദ്രൻ, ഷീബ ശ്രീധരൻ, ലതിക ടീച്ചർ, ഷബീർ എളവന ക്കണ്ടി, കെ ശ്രീനിവാസൻ, പ്രീത പൊന്നാടത്ത്, ആലിക്കോയ കണ്ണങ്കടവ്, രാമചന്ദ്രൻ ഏറാങ്കോട്ട്, ഉണ്ണി തിയ്യക്കണ്ടി, അഷറഫ് പൂക്കാട്ടിൽ, അവണേരി ശങ്കരൻ, ബാലകൃഷ്ണൻ പൊറോളി സംസാരിച്ചു.