കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയിൽ തുറക്കുന്നു. പ്രീമിയം കഫെ നാളെ(12) ഉച്ചയ്ക്ക് 12 മണിക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം പിഎംആർ ബിൽഡിംഗിൽ 50ൽ അധികം പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പ്രീമിയം സൗകര്യമുള്ള എ സി റെസ്റ്റോറൻ്റായാണ് പ്രവർത്തനം. രാവിലെ 7. 30 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം.
കാൻ്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങൾ.
പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യ സംസ്കരണ ഉപാധികൾ, ശുചിമുറികൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് കഫെ പ്രവർത്തനമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത പറഞ്ഞു.