കാപ്പാട്: വേനലവധിയായതോടെ കാപ്പാട് തീരത്തേക്കുളള സന്ദര്‍ശകര്‍ കൂടുന്നു. മിക്ക ദിവസങ്ങളിലും മൂവ്വായിരത്തോളം സഞ്ചാരികള്‍ ഇവിടെയെത്തുന്നതായാണ് കണക്ക്. ഞായറാഴ്ച പോലുളള അവധി ദിനങ്ങളില്‍ സഞ്ചാരികള്‍ ഇനിയും കൂടും. അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ബീച്ചാണ് കാപ്പാട്. ഡെന്‍മാര്‍ക്കിലെ ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ചിന് ലഭിക്കുന്നത്. സംസ്ഥാനത്ത് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ബീച്ചാണ് കാപ്പാട്. ഇന്ത്യയില്‍ എട്ടു ബീച്ചുകള്‍ക്ക് മാത്രമാണ് ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തീര ശുചിത്വം ,സുരക്ഷ,സേവനങ്ങള്‍,പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചതിനാണ് കാപ്പാടിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുളളതുമാക്കി മാറ്റാന്‍ 22 വനിതാ ശുചീകരണ തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലൂഫ്‌ളാഗ് തീരത്ത് കടല്‍ ശാന്തമായതിനാല്‍ അധികം ദൂരത്ത് പോകാതെ കടലില്‍ കുളിക്കാനുളള സൗകര്യമുണ്ട്. കടലിലെ കുളി കഴിഞ്ഞാല്‍ ശുദ്ധജലത്തില്‍ കുളിക്കാനുളള സംവിധാനവും ഇവിടെയുണ്ട്. സഞ്ചാരികളുടെ സുരക്ഷയ്ക്ക് നാല് ലൈഫ് ഗാര്‍ഡുകള്‍ ഉണ്ട്. സെക്യൂരിറ്റി ജീവനക്കാരായി അഞ്ച് പേരുണ്ട്. ഡി.ടി.പി.സിയുടെ ചുമതലയിലാണ് ഈ ബീച്ച് പ്രവര്‍ത്തിക്കുന്നത്. വിദേശികളടക്കം ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ തന്നെ കാപ്പാട് തീരത്ത് എത്തുന്നുണ്ട്. ബ്ലൂളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളല്ലാതെ പിന്നീട് വലിയ തോതിലുള്ള ബീച്ച് സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ല. കാപ്പാട് തീരത്ത് വാസ്‌ഗോഡഗാമ വന്നിറങ്ങിയതിന്റെ സ്മാരകമായി ബീച്ചില്‍ അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അത് പാതി വഴിയിലാണ്. മാസങ്ങളായി ഇതിന്റെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല. താര്‍പ്പായ കൊണ്ട് മൂടിയിട്ട നിലയിലാണ് ഈ ശില്‍പ്പം.
കാപ്പാട് തീരത്ത് കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കാനുള്ള സംവിധാനാമൊന്നും ഇപ്പോഴില്ല. കടല്‍ക്കാറ്റേറ്റ് അല്‍പ്പം നേരം ഇരിക്കാനുള്ള സൗകര്യം മാത്രമേ കാപ്പാടില്‍ ഇപ്പോഴും ഉള്ളു. രാത്രി ഏഴ് മണിയോടെ ബീച്ചിലേക്കുളള പ്രവേശനം നിയന്ത്രിക്കും. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊയിലാണ്ടി ഹാര്‍ബര്‍ വഴിയുളള തീര പാത ഇനിയും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന് റോഡ് അതേ പടി കിടപ്പാണ്. തിരുവങ്ങൂര്‍ വഴിയാണ് മിക്ക സഞ്ചാരികളും കാപ്പാട് തീരത്തേക്ക് എത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായപ്പോഴാണ് 5.32 കോടി രൂപ ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതിക്കായി അനുവദിച്ചത്. തുടര്‍ന്ന് 2019ല്‍ അന്താരാഷ്ട്ര നിലവാരമുളള ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി എട്ട് കോടി രൂപയുടെ നവീകരണ സൗന്ദര്യവല്‍ക്കരണ പദ്ധതികളും നടപ്പിലാക്കി. തീരദേശ പാത യാഥാര്‍ത്യമായാല്‍ കാപ്പാട് തീരത്തേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തും.