കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ രംഗത്ത് യു.പി തലം വരെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനമായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. വയലാർ അവാർഡ് ജേതാവ് ശ്രീ യു.കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന് ഗുണകരമായി മാറ്റിയെടുക്കുവാൻ ഉപയോഗിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച ലഹരി വായനയാണ് എന്നും വായനയിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ അധ്യാപകർക്ക് സാധിക്കുന്നതുപോലെ മറ്റൊരാൾക്കും സാധിക്കുകയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ കാലത്തിന് അനുസൃതമായ രീതിയിൽ നവീകരിക്കപ്പെട്ട പഠന അന്തരീക്ഷമാണ് കുറവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കിയ സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനം മാനേജർ എൻ. ഇ മോഹനൻ നമ്പൂതിരി നിർവഹിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, പി.ടി.എ പ്രസിഡണ്ട് അരുൺ മണൽ, വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, ബിന്ദു പി ബി, പ്രഭ ടീച്ചർ, വത്സരാജ് കേളോത്ത്, രവീന്ദ്രൻ കെ എം, വീനസ്, അൻവർ ഈയഞ്ചേരി, രവീന്ദ്രൻ എൻ വി, രമേശൻ സി, ഡി പി അനിൽ, സുന്ദരൻ മാസ്റ്റർ, സി.പി മോഹനൻ, ശ്രീശൻ പാനായി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ചാത്തോത്ത് ഗോപകുമാർ സ്വാഗതവും ശ്രീമതി കെ കെ ബിന്ദു നന്ദിയും രേഖപ്പെടുത്തി.