പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലെ ഡ്രൈ ഡേ സമ്പ്രദായം തുടരുമെങ്കിലും മുന്‍കൂര്‍ അനുമതിയോടെ ഇനി ഒന്നാം തീയതി മദ്യം വിളമ്പാനാണ്ന് പുതിയ മദ്യനയത്തില്‍ അനുമതി നൽകിയിരിക്കുന്നത്. ടൂറിസം മേഖലയുടെ ഉത്തേജനത്തിന് വേണ്ടിയാണ് ഇളവ് എന്ന് വ്യക്തമാക്കിയാണിത്.
ത്രീ സ്റ്റാറിനും അതിന് മുകളിലോട്ടുമുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി പ്രത്യേക കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാം. ഇതിനായി എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി 50000 രൂപ ഫീസ് അടയ്ക്കണം. പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. 400 മീറ്റര്‍ ദൂരപരിധി തുടരും.
ഒന്നാം തീയതി നടക്കുന്ന വിവാഹ സത്‌കാരങ്ങള്‍ അതുപോലുള്ള മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ വ്യവസ്ഥയില്‍ മദ്യം വിളമ്പാം. നെഫര്‍ ടിറ്റി പോലുള്ള ഉല്ലാസ യാനങ്ങളിലും ഇനി മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനുള്ളില്‍ ടൂറിസ്റ്റുകളായി വരുന്നവര്‍ക്ക് ഇനി മദ്യം നല്‍കുന്നതിന് നിയമപരമായ തടസങ്ങളില്ല. എന്നാല്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയി തന്നെ തുടരും.