മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി.
മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി, മഹിളാ സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും ക്യാമ്പയിനിന്റെ ഭാഗമായി ഒരു കുടക്കീഴില്‍ കൊണ്ടുവരാനായത് നേട്ടമായി.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 27618 അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 5481 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 1480 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായും 120 കലാലയങ്ങളെ ഹരിത കലാലയങ്ങളും 276 ടൗണുകളെ ഹരിത സുന്ദര ടൗണുകളുമായി മാറ്റാനായി. 808 പൊതുസ്ഥലങ്ങളെ വൃത്തിയുള്ളതാക്കി മാറ്റാനും 29 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു.
2025 മാര്‍ച്ച് 30ഓടെ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും ഏപ്രില്‍ നാലോടെ എല്ലോ ബ്ലോക്കുകളും ഏപ്രില്‍ 5ന് കോഴിക്കോട് ജില്ലയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചില്‍ 52% ഉണ്ടായിരുന്ന ഹരിതകര്‍മ സേനകള്‍ വഴിയുള്ള മാലിന്യത്തിന്റെ വാതില്‍പടി ശേഖരണം 2025 മാര്‍ച്ച് ആകുമ്പോഴേക്ക് 100%ലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ക്യാമ്പയിന്റെ വലിയ നേട്ടമായി. 75 എംസിഎഫുകള്‍ ഉണ്ടായിരുന്നിടത്ത് ക്യാമ്പയിന്റെ ഫലമായി അത് 94 ആയി വര്‍ധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനം ഉറപ്പ് വരുത്താന്‍ 5385 എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകളാണ് മാര്‍ച്ചില്‍ നടന്നത്.
ജില്ലയില്‍ ജില്ലാ തലത്തിലും ബ്ലോക്ക് -തദ്ദേശ സ്ഥാപനതലത്തിലും ഏറ്റവും സജീവമായിരുന്ന നീര്‍വ്വഹണ സമിതികള്‍ കൃത്യമായ ഇടവേളകളില്‍ നടത്തിയ പരിശോധനകളാണ് ഈ നേട്ടത്തിലേക്ക് ജില്ലയെ എത്തിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കെഎസ്ഡബ്ല്യുഎംപി, കുടുംബശ്രീ, കില തുടങ്ങിയ ഏജന്‍സികളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍ കാലയളവില്‍ ജില്ലയില്‍ നടന്നത്