വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. താമരശ്ശേരി പരപ്പൻ പൊയിൽ ഹൈലാന്റ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷനായി.
ലഹരിക്കെതിരെ വാർഡ് തലത്തിൽ പോലീസിനെ ഉൾകൊള്ളിച്ചുകൊണ്ട് ജനകീയ കൂട്ടായ്മകൾ രൂപീകരിക്കുമെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. സമീപകാലത്ത് താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും ലഹരിയുമായി ബന്ധപ്പെട്ട് കേസുകൾ വർധിച്ചു വരുന്നതായി ലിന്റോ ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാവണം. സർക്കാർ എല്ലാ തരത്തിലും ഇതിനു വേണ്ടി പ്രവർത്തിക്കുമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, ആദർശ് ജോസഫ്, ബിന്ദു ജോൺസൺ, പ്രേംജി ജെയിംസ് നജുമുന്നീസ ഷരീഫ്, അലക്സ‌് തോമസ് ചെമ്പകശ്ശേരി, സി കെ സാജിദത്ത്, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ പി വി ബഷീർ, താമരശ്ശേരി പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ എം ടി അയൂബ്, ഓമശ്ശേരി പഞ്ചായത്ത് മെമ്പർ ഫാത്തിമ അബു, ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു, താമരശേരി ഡിവൈഎസ്പി കെ സുഷീർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് റൂറൽ എ എസ് പി ടി ശ്യാംലാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയിൽ നിന്നും മുക്തനായ മോഹൻദാസ് കല്ലേരി അനുഭവങ്ങൾ പങ്കുവെച്ചു.
കൊടിയത്തൂർ പി ടി എം സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത-നാടക ശില്പവും പ്രേമൻ മുചുകുന്നിന്റെ നേതൃത്വത്തിൽ കേരള പോലീസിലെ കലാകാരൻമാർ അവതരിപ്പിച്ച ‘അനന്തരം ആനി’ നാടകവും അരങ്ങേറി.
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, ഹോപ്പ് പ്രൊജക്ട് വിദ്യാർഥികൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, ലഹരി വിരുദ്ധ കൂട്ടായ്മ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.