മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ എം.ജി. ശ്രീകുമാർ സന്നദ്ധത അറിയിച്ചെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയാണ് മാലിന്യമുക്ത നവകേരളം പദ്ധതി. ഈ മാസം 9 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവില്‍ പങ്കെടുക്കാൻ എം.ജി. ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി അറിയിച്ചു
കൊച്ചി ബോൾഗാട്ടിയിലുള്ള എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വന്നിരുന്നു. തുടർന്ന് ഇതിന്റെ പിഴയായി അദ്ദേഹം 25,000 രൂപ അടയ്‌ക്കുകയും ചെയ്തു. ഈ സംഭവം വലിയ ചർച്ചയായിരുന്നു. മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ തന്റെ വീട്ടിലെ ജോലിക്കാരി കടലാസ്സിൽ പൊതിഞ്ഞു ഇത്തരത്തിൽ കായലിൽ ഇട്ടതാണെന്നായിരുന്നു എം.ജി. ശ്രീകുമാറിന്റെ പക്ഷം. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി.ശ്രീകുമാർ വ്യക്തമാക്കി. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങൾ വീഡിയോ ആക്കി പകർത്തിയയാളെയും കോൺക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്. ‘വൃത്തി 2025’ നാഷണൽ കോൺക്ലേവ് ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12നുള്ള സമാപന സമ്മേളനം സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ഉദ്ഘാടനം ചെയ്യുന്നത്.
