കോഴിക്കോട് ജില്ലാതല ലോകാരോഗ്യദിനാചരണം നടത്തി. കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന മുദ്രാവാക്യമുയർത്തി നടന്ന ജില്ലാതല ലോകാരോഗ്യദിന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദഘാടനം ചെയ്തു. വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ആശുപത്രി സംവിധാനങ്ങളും പൂർണമായി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടത്തിയ പരിപാടിയിൽ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിശിഷ്ടാതിഥിയായിരുന്നു.
ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവി എന്നതാണ് 2025 ലെ ലോകാരോഗ്യ ദിന സന്ദേശം. പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സങ്കീർണതകൾ യഥാസമയം കണ്ടെത്തി തടയാനും അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രികളിൽ തന്നെ നടക്കുന്നു എന്നുറപ്പിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട സെമിനാറും നടന്നു.
ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ പ്രസവം ആശുപത്രിയിൽ വച്ച് മാത്രം വിഷയത്തിൽ ഒരു പാനൽ ഡിസ്കഷനും സംഘടിപ്പിച്ചിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഷീബ ടി ജോസഫ് ശിശുരോഗ വിദഗ്ധൻ ഡോ മോഹൻ ദാസ് നായർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. അസ്മ റഹീം കോഴിക്കോട് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു എന്നിവർ സെമിനാറിൽ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അധ്യ്ക്ഷത വഹിച്ച പരിപാടിയിൽ കോഴിക്കോട് കോര്പറേഷൻ ആരോഗ്യ സ്‌ഥിരം സമിതി അധ്യ്ക്ഷ ഡോ എസ് ജയശ്രീ,അഡിഷണൽ ഡി എം ഒ വി പി രാജേഷ്, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ.സി കെ ഷാജി, വനിത ശിശുവികസന വകുപ്പ് മേധാവി എസ് സബീന ബീഗം,ഡോ. മനോജ് എ ടി ,ഡോ വി ആർ ലതിക,ഡോ.സച്ചിൻ ബാബു, വനിത ശിശു വികസന വകുപ്പ് മേധാവി സബീന ബീഗം, ഡോ എൽ ഭവില, എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ റാലി സബ് കളക്ടർ ഹർഷൽ മീണ ഐഎഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമെൻറ് നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികളും ഫാമിലി വെൽഫെയർ ട്രെയിനിങ് സെൻറർ മലാപ്പറമ്പിലെ വിദ്യാർത്ഥികളും, ആരോഗ്യപ്രവർത്തകരും പങ്കെടുത്തു
പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണതകൾ കണ്ടെത്തി തടയാനും അവിചാരിതമായ അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിനെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രിയിൽ തന്നെ നടക്കേണ്ടതാണ് എന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ സേവനങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ജനനി സുരക്ഷ യോജന, ജനനി ശിശു സുരക്ഷ കാര്യകം, ശലഭം സമഗ്ര നവജാതശിശു സ്ക്രീനിംഗ്, ഹൃദയ വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പൾസ് ഓക്സിമീറ്റർ സ്ക്രീനിങ്, തലച്ചോറിന്റെയും ശരീരത്തിന്റെയും വളർച്ചയെ ബാധിക്കുന്ന അസുഖങ്ങൾ കുട്ടിക്ക് ജന്മനാ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് നടന്ന മെറ്റബോളിക് സ്ക്രീനിംഗ്, കുഞ്ഞ് ജനിച്ച് 48 മണിക്കൂറിനുള്ളിൽ നടത്തുന്ന കേൾവി പരിശോധന, തുടങ്ങിയ വിവിധതരം സേവനങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാണ്.
പ്രവസവ സമയത്തെ സങ്കീർണ്ണതകൾ മനസിലാക്കാനും ഗർഭിണി സുരക്ഷിതയായി ഗർഭകാലം പൂർത്തിയാക്കാൻ വിവിധ തരം പരിശോധനകൾ ആവശ്യമാണ് ഈ പരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ നടത്തുന്ന പരിശോധനകളും തികച്ചും സൗജന്യമാണ്. ഇങ്ങനെ നടത്തുന്ന പരിശോധനകളിലൂടെ കുട്ടിക്കൾക്ക് ഉണ്ടാകുന്ന ജനിത വൈകല്യങ്ങളും അസുഖങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കും.