ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി

മലപ്പുറം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌. ഞായറാഴ്ച രാത്രി തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്‌ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്‌ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

വീട്ടിൽനിന്ന് സുകാന്തിൻ്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Leave a Reply

Your email address will not be published.