മുത്തപ്പൻ
സാധാരണക്കാരന്റെ തെയ്യം എന്ന വിശേഷണത്തിന് സർവഥാ അനുരൂപമാണ് മുത്തപ്പൻ. ഇത്രമാത്രം ജനകീയനായ മറ്റൊരു ആരാധനാമൂർത്തി ഉണ്ടെന്നു തോന്നുന്നില്ല. ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടാകുമെന്നും വിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമുള്ള വിശ്വാസമാണ് മുത്തപ്പന്റെ ജനപ്രിയതയ്ക്കടിസ്ഥാനം. മറ്റു തെയ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സ്ഥല-കാല നിയന്ത്രണങ്ങൾ ബാധകമല്ലാത്ത തെയ്യമാണു മുത്തപ്പൻ. എപ്പോൾ എവിടെ ആർക്കു വേണമെങ്കിലും അനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് മുത്തപ്പൻ കഴിയ്ക്കാം. മറ്റൊരു സവിശേഷത മുത്തപ്പൻ ആരുടെയും കുലദേവതയോ പരദേവതയോ അല്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ജാതിമത ഭേദമന്യേ മുത്തപ്പനെ എല്ലാവരും ആരാധിക്കുന്നു.
മുത്തപ്പന്റെ ആരാധനാ സ്ഥാനങ്ങൾ
മുത്തപ്പന്റെ ആരാധനാസങ്കേതങ്ങളെ പൊടിക്കളങ്ങൾ, മടപ്പുരകൾ എന്നിങ്ങനെയാണ് പറയാറുള്ളത്.
പൊടിക്കളം
മുത്തപ്പൻ വെള്ളാട്ടം നടത്തുന്നതിന് പ്രത്യേക സ്ഥാനങ്ങളോ കെട്ടിടങ്ങളോ അല്ലാത്ത, താത്കാലികമായ സ്ഥലത്തെയാണ് പൊടിക്കളങ്ങൾ എന്നു പറയുന്നത്. ‘അടിക്കുന്ന മുറ്റം പൊടിക്കളം’ എന്നാണ് ചൊല്ല്. അതായത്, മുത്തപ്പനെ ആരാധിക്കാൻ വൃത്തിയുള്ള ഒരു മുറ്റമോ മരച്ചുവടോ അതുപോലെ സൗകര്യമുള്ള സ്ഥലമോ ആയാൽ മതിയെന്നർത്ഥം.
അന്തിത്തിറ
പൊടിക്കളത്തിൽ കെട്ടിയാടുന്ന കോലമാണ് അന്തിത്തിറ. ഇത് ശങ്കരനാരായണ ബ്രഹ്മസ്വരൂപമാണെന്നും മുത്തപ്പന്റേയും തിരുവപ്പനയുടേയും സംയുക്ത രൂപമാണെന്നുമെല്ലാം വിവിധ വ്യാഖാനങ്ങളുണ്ട്. ആണ്ടുനായനാർ എന്നാണ് അന്തിത്തിറ വിശേഷിപ്പിക്കപ്പെടുന്നത്. അന്തിത്തിറയ്ക്ക് തിരുവപ്പനയുടെ മുഖത്തെഴുത്തും മേക്കെഴുത്തും മുഖത്ത് വെളുത്ത നേർത്ത താടി മീശയും കയ്യിൽ ചൂട്ടും അമ്പും വില്ലുമാണു വേഷം. പരമ്പരാഗത വിശ്വാസമാനുസരിച്ച് പന്ത്രണ്ടു കൊല്ലം അന്തിത്തിറ നടന്ന സ്ഥലങ്ങളാണ് മടപ്പുരകളായി മാറി അവിടെ വെള്ളാട്ടവും തിരുവപ്പനയും കഴിക്കുന്നത്. എന്നാൽ സാഹചര്യമനുസരിച്ച് ഒരന്തിത്തിറ കഴിച്ച് പന്ത്രണ്ട് കൊല്ലത്തിനു ശേഷം തിരുവപ്പനയും വെള്ളാട്ടവും കഴിച്ച് മടപ്പുരയായി മാറുന്ന രീതിയും നിലവിലുണ്ട്. മടപ്പുര ആയിക്കഴിഞ്ഞാൽ പിന്നെ അവിടെ അന്തിത്തിറയില്ല തിരുവപ്പനയും വെള്ളാട്ടവുമേ പതിവുള്ളു.
മടപ്പുര
തിരുവപ്പന കഴിക്കുന്ന സങ്കേതമാണ് മടപ്പുര. മടപ്പുര എന്നാൽ യഥാർത്ഥത്തിൽ കുന്നത്തൂർപാടി പോലെ മടയുള്ള സ്ഥാനമെന്നാണ് അർത്ഥം. എന്നാൽ കാലാന്തരത്തിൽ തിരുവപ്പന കഴിക്കുന്ന സ്ഥാനങ്ങൾ മടപ്പുര എന്നറിയപ്പെട്ടു.
ഐതിഹ്യം
വ്യത്യസ്തങ്ങളായ പുരാവൃത്തങ്ങളും നിരവധി പാഠഭേദങ്ങളും നിറഞ്ഞതാണ് മുത്തപ്പന്റെ ഐതിഹ്യം. അവയിൽ പൊതുവായി പ്രചാരത്തിലുള്ളതാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
അയ്യങ്കര ഇല്ലത്തെ തിരുമേനിക്കും ഭാര്യ പാടിക്കുറ്റി അമ്മയ്ക്കും മക്കളുണ്ടായിരുന്നില്ല. പൂജകളും പ്രാർത്ഥനകളുമായി അവർ കാലം കഴിക്കുന്നതിനിടയിൽ ഒരു ദിവസം രാവിലെ കുളിക്കുവാനായി ചിറയിലേക്ക് ചെന്ന പാടിക്കുറ്റി അമ്മ അവിടെ വച്ച് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. കരച്ചിലിന്റെ ഉറവിടമന്വേഷിച്ച് ചെന്നപ്പോൾ ചിറക്കരികിലെ കുറ്റിക്കാട്ടിൽ പൂനിലാവു പോലുള്ള ഒരു പിഞ്ചുകുഞ്ഞ് ആരോരുമില്ലാതെ കിടന്നു കരയുന്നതു കണ്ടു. അനപത്യ ദു:ഖത്തിന്റെ ആഴമറിയുന്ന പാടിക്കുറ്റി അമ്മ ഐശ്വര്യവാനായ ആ കുരുന്നിനെ കൈകളിൽ വാരിയെടുത്ത് വീട്ടിലേക്കു നടന്നു. കുളിക്കാൻ പോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി. ഭാര്യയിൽ നിന്ന് വൃത്താന്തങ്ങളെല്ലാം അറിഞ്ഞപ്പോൾ സന്താനങ്ങളില്ലാത്ത തങ്ങൾക്ക് കൊട്ടിയൂർ പെരുമാൾ അനുഗ്രഹിച്ചു നല്കിയ നിധിയാണെന്നു കരുതി അവർ ആ കുഞ്ഞിനെ സർവ്വാത്മനാ സ്വീകരിച്ചു.
അതോടെ ആ ഇല്ലത്ത് സന്തോഷം അലയടിച്ചു. ഭക്തിയുടേയും സ്നേഹത്തിന്റേയും പരിലാളനകൾക്കിടയിൽ കാലം അതിവേഗം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അവൻ വളരെ പെട്ടെന്നു വളർന്നു. എന്നാൽ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അവന് മത്സ്യ മാംസാദികളിലായിരുന്നു താല്പര്യം. പല ജീവികളേയും നായാടിപ്പിടിച്ച് ഇല്ലത്തു കൊണ്ടുവന്നു ചുട്ടു തിന്നാൻ തുടങ്ങി. സഹികെട്ട വളർത്തച്ഛന് മകന്റെ ദുഷ്പ്രവൃത്തി കാരണം താൻ വീടുവിടുമെന്നു വരെ പറയേണ്ടി വന്നു. ഗത്യന്തരമില്ലാതെ പാടിക്കുറ്റിയമ്മ മകനോട് വീടുവിട്ടിറങ്ങാൻ പറഞ്ഞു. ഒപ്പം, നോക്കുന്നിടമെല്ലാം ദഹിച്ചു പോകുന്ന മകന്റെ തൃക്കണ്ണു പോയി പൊയ്ക്കണ്ണു വരട്ടെയെന്നു പ്രാർത്ഥിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്തു.
പോകുന്നതിനു മുമ്പ് മകൻ വളർത്തമ്മയ്ക്ക് തന്റെ വിശ്വരൂപം കാണിച്ചു കൊടുത്തു. സഹസ്ര സൂര്യപ്രഭയോടെ മണിപീഠത്തിലിരുന്ന് പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം. അമ്പും വില്ലുമേന്തി പൊൻചിലമ്പും അരമണിയും ആടയാഭരണങ്ങളും ധരിച്ച് തേജസ്സാർന്ന മുഖം. തന്റെ വളർത്തുമകൻ ശിവപുത്രനാണെന്നു മനസ്സിലായ പാടിക്കുറ്റി അമ്മ പശ്ചാത്താപവിവശയായി തന്റെ വാക്കുകൾ പിൻവലിക്കാൻ തയ്യാറായി. എന്നാൽ താൻ വീടുവിട്ടിറങ്ങുകയാണെന്നും അമ്മയെ അവസാനമായി കാണാൻ ഒരിക്കൽക്കൂടി വരാമെന്നുമറിയിച്ച് അവൻ വീടുവിട്ടിറങ്ങി, കുന്നത്തൂർ പാടിയിലെത്തി. ഒരുദിവസം ദൈവം മധുപൻ പനയിൽ കയറി കള്ളുകുടിച്ചു മദിച്ചു. തന്റെ പനയിൽനിന്നും കള്ളെടുത്തു കഴിക്കുന്ന അപരിചിതനെക്കണ്ട് ചെത്തുകാരൻ ചന്തൻ കോപിച്ച് അമ്പെയ്യാൻ ഭാവിച്ചപ്പോൾ കോപാകുലനായ മുത്തപ്പൻ അവനെയൊന്നു നോക്കിയ മാത്രയിൽ അവൻ ശിലയായിമാറി. ചന്തനെ കാണാഞ്ഞ് അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ ചക്കി പനയ്ക്കരികിൽ ഒരു ശിലാരൂപത്തെയും മുകളിൽ ഒരാളേയും കണ്ടു. ആ ദിവ്യരൂപിയെ നോക്കി അവൾ വിലപിച്ചു, “പൊന്നു മുത്തപ്പാ ചന്തനു പിഴവുപറ്റിയെങ്കിൽ ഞാൻ പ്രായശ്ചിത്തം ചെയ്യാം. തന്റെ ഭർത്താവിനെ പഴയ രൂപത്തിലാക്കിയാൽ,
” അകത്തോരറപ്പൂജ ഞാൻ തരുവൻ
പുറത്തോരു വെള്ളാട്ടം തിരുവൊപ്പന
മറയൂട്ട് മധുക്കലശം ഞാൻ തരുവൻ ”
എന്ന അവളുടെ പ്രാർത്ഥന കേട്ട് മനസ്സലിഞ്ഞ മുത്തപ്പൻ അവനെ പഴയ രൂപത്തിലാക്കിക്കൊടുത്തു. അവിടെ നിന്ന് മുത്തപ്പൻ പുരളിമലയിലേക്കു പോയി. അവിടെ “പൊൻപട്ടം കെട്ടീറ്റും പൊൻമുടി ചൂടീറ്റും നാട്ടിൽ പ്രഭുവായും വാണു ദൈവം”. അങ്ങനെ പുരളിമലമുത്തപ്പൻ എന്നും നന്മല മുത്തപ്പനെന്നും അറിയപ്പെട്ടു. പിന്നീടാണ് മുത്തപ്പൻ മറ്റു സ്ഥാനങ്ങളിൽ സാന്നിദ്ധ്യമറിയിച്ചത്.
തിരുവപ്പനയും വെള്ളാട്ടവും
തിരുവപ്പന, വെള്ളാട്ടം എന്നിങ്ങനെ രണ്ടു രൂപങ്ങളിലാണ് മുത്തപ്പൻ തെയ്യം പുറപ്പെടുക. ഇതു രണ്ടും ഒരേ ദേവതയുടെ സങ്കല്പത്തിലുള്ളതാണെന്ന് മുത്തപ്പന്റെ ഐതിഹ്യം പ്രതിപാദിച്ചിട്ടുള്ള ‘കളിക്കപ്പാട്ട് ‘ വ്യക്തമാക്കുന്നു. വെള്ളാട്ടം ഉരിയാട്ടം നടത്തുമ്പോൾ ‘ഞാനും എന്റെ നായനാരും’ എന്നു പറയുന്നതുകൊണ്ട് തിരുവപ്പന യഥാർത്ഥ മുത്തപ്പനും വെള്ളാട്ടം മുത്തപ്പന്റെ സഹായിയുമാണെന്ന് ഒരഭിപ്രായമുണ്ട്. മുത്തപ്പൻ ശാപമോക്ഷം നല്കിയ ചന്തനാണത്രെ ഈ സഹായി.
ഇതിൽനിന്നു വിഭിന്നമായി ചിലർ തിരുവപ്പനയെ വിഷ്ണുവായും വെള്ളാട്ടത്തെ ശിവനായും സങ്കല്പിച്ചു വരുന്നുണ്ട്. എന്നാൽ തോറ്റംപാട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ഡോ. എം വി വിഷ്ണു നമ്പൂതിരിയെപ്പോലുളള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മുത്തപ്പന്റെ പൊലിച്ചു പാട്ടിൽ
“കാനൽ വാഴും കരിങ്കുറത്തിയായവർക്കാരിവരോ
ഓമനമകനല്ലോ പൊൻ മുത്തപ്പൻ
പാടിക്കുറ്റി നല്ലമ്മയായവൾക്കാരിവരോ
കണ്ടെടുത്ത മകനല്ലോ പൊൻമുത്തപ്പൻ ”
തുടങ്ങിയ വരികൾ അവർ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കുറത്തി ശ്രീപാർവ്വതിയാണെന്നാണ് വിശ്വാസം. അങ്ങനെയാണെങ്കിൽ തോറ്റംപാട്ടു പ്രകാരം മുത്തപ്പൻ ശൈവ തേജസ്സിൽ രൂപം കൊണ്ട ദേവതയാണെന്നു വരുന്നു. ഭക്തന്മാർ രണ്ടു രീതിയിൽ കാണുന്നുവെന്നു മാത്രം. (“തെയ്യം തിറത്തോറ്റങ്ങൾ”; പേജ്: 221-225, ഡോ. എം വി വിഷ്ണു നമ്പൂതിരി ).
പ്രാചീന കേരളത്തിലെ ഒരു നായാട്ടുദേവതയായ അയ്യന്റെ സങ്കല്പത്തിലുള്ള ദേവതമാരായിരിക്കണം മുത്തപ്പനും അയ്യപ്പനും (വേലന്മാർ കെട്ടുന്ന ഒരു തെയ്യം) എന്നുകൂടി വിഷ്ണു നമ്പൂതിരി നിരീക്ഷിക്കുന്നുണ്ട്. മുത്തപ്പന്റേയും അയ്യപ്പന്റേയും ഐതിഹ്യങ്ങളിലെ സമാനതകളും രണ്ടുപേരുടേയും നായാട്ടുസ്വഭാവവും മുത്തപ്പനുമായി ബന്ധപ്പെട്ട ചില പാട്ടുകളെ ‘അയ്യൻ തോറ്റം ‘, ‘അയ്യൻ മണ്ട’ എന്നു വിളിക്കുന്നതും അദ്ദേഹം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, മുത്തപ്പന് ശബരിമല അയ്യപ്പനുമായും പുരാവൃത്തപരമായ ഒരു ഐക്യഭാവ്യം ഉണ്ടെന്ന വിഷ്ണു നമ്പൂതിരിയുടെ ചൂണ്ടിക്കാട്ടൽ ഏറെ ശ്രദ്ധേയവും കൂടുതൽ പഠനാർഹവുമാണ്.
മുത്തപ്പന്റെ മധുമൊഴികൾ
വയനാട്ടുകുലവനെപ്പോലെ, ലളിതമെങ്കിലും ഫലിതവും ദാർശനികതയും ഉൾക്കൊണ്ട വാക്കുകളാണ് മുത്തപ്പൻ ഭക്തരോട് പറയാറുള്ളത്. ഓരോരുത്തരുടേയും പ്രശ്നങ്ങൾക്ക് സമാശ്വാസമേകുന്ന മുത്തപ്പന്റെ അർത്ഥവത്തായ ഉരിയാട്ടങ്ങൾ ഭക്തരുടെ മനസ്സിൽ ശാന്തിയുടെ കുളിർമഴ ചൊരിയും. ചില ഉദാഹരണങ്ങൾ :
“താണോരൊടയില്ല, എകർന്നോരു മുടിയില്ല ; കണ്ടാൽ കണ്ണിനിമ്പവും കേട്ടാൽ കർണ്ണത്തിന് പൊരുത്തവും കുറയും “
“എന്നെ കണ്ടാലാരും കൊള്ളൂല, കൊണ്ടവരോ മടങ്ങൂല “
“കാട്ടിൽക്കണ്ടാൽ കാട്ടാളവേഷം, വീട്ടിലോ ധർമ്മദൈവം. “
“വന്നവരെ മടക്കണ്ട, പോന്നവരെ വിളിക്കണ്ട…”
“പറഞ്ഞ വാക്ക് പതിരുപോലെയാക്കി കളയാതെ കതിര് പോലെ മുത്തപ്പൻ തന്നാപ്പോരെ ? “
തെയ്യം
വണ്ണാൻ സമുദായത്തിൽപ്പെട്ടവരാണ് മുത്തപ്പൻ തെയ്യം കെട്ടാറുള്ളത്.
മുഖത്ത് തേപ്പും കൈയിൽ അമ്പുംവില്ലും തലയിൽ കൊടുമുടി എന്നറിയപ്പെടുന്ന മുടിയുമാണ് വേഷം.