കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായ മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രത്തിലെത്തിയതോടെ കാവും പരിസരവും ജനം നിബിഡമായി .ശനിയാഴ്ച രാവിലെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വസൂരിമാല വരവ്. കൊമ്പ്, ഇലത്താളം, തിമില, ഇടയ്ക്ക മദ്ദളം എന്നിവയും ചെണ്ട വാദ്യവും വരവിനെ ആകർഷകമാക്കി.
പിഷാരികാവിലമ്മയുടെ ഭക്തവാത്സല്യത്തിന് ഉത്തമ ദൃഷ്ടാന്തമാണ് വസൂരിമാല വരവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ദമംഗലത്ത് പടര്‍ന്നുപിടിച്ച വസൂരി അനേകം ആളുകളെ കൊന്നൊടുക്കി. ഭയവിഹ്വലമായ അവിടുത്തെ ഭക്തജനങ്ങള്‍ പിഷാരികാവിലമ്മയുടെ തിരുനടയിലെത്തി മാരകമായ രോഗത്തിന്റെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിക്കേണമേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു: ”അമ്മേ, മഹാമായേ ഈ നാടിനെ രക്ഷിക്കണേ,മഹാമാരി മാറ്റിത്തന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ദേവിയുടെ തിരുമുമ്പില്‍ സ്വര്‍ണ്ണ മണിമാല സമര്‍പ്പിക്കാം. വര്‍ഷംതോറും ഓരോ മണികൂട്ടി മണിമാല എഴുന്നള്ളിക്കാം”. ഭക്തരുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകേട്ട് ഭഗവതി അനുഗ്രഹം ചൊരിഞ്ഞു. ദിവസങ്ങള്‍ക്കകം മാരകമായ രോഗം അപ്രത്യക്ഷമായി. സന്തുഷ്ടരായ ഭക്തന്മാര്‍ വലിയവിളക്ക് ദിവസം ദേവിയുടെ തിരുമുമ്പില്‍ സ്വര്‍ണ്ണമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥന നിറവേറ്റി. തുടര്‍ന്ന് മുടക്കമില്ലാതെ കൊല്ലംതോറും ഓരോ സ്വര്‍ണ്ണമണി വീതം കൂട്ടിച്ചേര്‍ത്ത് വസൂരിമാല ദേവി സന്നിധിയില്‍ ഭക്തി പൂര്‍വ്വം സമര്‍പ്പിച്ചു പോരുന്നു. പിഷാരികാവിലമ്മയുടെ ആഭരണങ്ങളില്‍ പ്രധാനമാണ് വസൂരിമാല.