സംസ്ഥാനത്തുടനീളം ഓർഡിനറികളിൽ ഉൾപ്പടെ ഡിജിറ്റൽ പെയ്മെൻ്റാക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുന്നു. നിലവിൽ ചില സ്വിഫ്റ്റ് ബസുകളിലും ദീർഘ ദൂര സർവീസുകളിലുമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നാൽ ജനങ്ങൾക്ക് ഉപകാരപ്പെടും വിധം എല്ലാ ബസുകളിലേക്കും സേവനം രണ്ട് മാസത്തിനുള്ളിൽ ഏർപ്പെടുത്തും. യാത്രക്കാർക്ക് ഡിജിറ്റൽ പെയ്മെൻ്റ് നടത്താനായി യുപിഐ സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും.
ജിപേ, പേടി എം, ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കാവുന്നതാണ്. പണം അടച്ചാൽ ഉടൻ ടിക്കറ്റ് മെഷിനിൽ നിന്നും കിട്ടും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ഡിജിറ്റൽ പെയ്മെൻ്റിനായുള്ള മെഷീനുകൾ നൽകി കഴിഞ്ഞിട്ടുണ്ട്. ചലോ എന്ന കമ്പനിയെയാണ് മെഷീനുകൾ വിതരണം ചെയ്യാനായി കോർപറേഷൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
16.6 പൈസയാണ് ഒരു ടിക്കറ്റിൻ്റെ നികുതി ഉൾപ്പടെയുള്ള വാടക. വര്‍ഷം 10.95 കോടി രൂപ പ്രതിഫലം നല്‍കേണ്ടിവരും. അതേ സമയം, കേന്ദ്ര സർക്കാരിൻ്റെ നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ഉപയോഗിച്ചും ഈ മെഷീനുകളിൽ പണമിടപാട് നടത്താവുന്നതാണ്. വിറ്റു പോകുന്ന ടിക്കറ്റുകളുടെ വിവരം, റിസർവേഷൻ ഇല്ലാത്ത ബസുകളിലെ സീറ്റുകളുടെ എണ്ണം തുടങ്ങി ഓരോ ബസുകളുടെയും കൃത്യമായ വിവരം ചലോ എന്ന ആപ്പിലൂടെ അറിയാൻ കഴിയും. ബസ് കാത്ത് നിൽക്കുന്ന യാത്രകാർക്ക് ആ വഴി വരുന്ന ബസുകൾ ഏതെന്ന് അറിയാനും ആപ്പ് വഴി സാധിക്കും. ഇതുകൂടാതെ യാത്രക്കാർക്ക് ബസിൽ കേറുന്നതിന് മുൻപ് തന്നെ ടിക്കറ്റും എടുക്കാനാകും.