പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു.
വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ സമയം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് വിവരം. ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന നടന്നത്. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടർച്ചയായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും ഇഡി വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡി വിശദീകരണം നൽകിയത്.
കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിന് മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധന നടന്നിട്ടുണ്ട്.