ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ
ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ ദാഹമില്ലാത്ത അവസ്ഥയുണ്ടാവും. ഇത് പല രോഗങ്ങൾക്കും കാരണമാവും (ഹഠയോഗത്തിലെ ഖേചരിമുദ്ര ശീലിച്ചവർക്ക് ദാഹശമനത്തിന് വെള്ളം ആവശ്യമില്ല). രോഗമില്ലാത്ത അവസ്ഥയിൽ ദാഹമനുഭവപ്പെടുമ്പോൾ ദാഹശമനത്തിനു മാത്രം വെള്ളം കുടിച്ചാൽ മതി. ആവശ്യമില്ലാതെ അമിതമായി വെള്ളം കുടിക്കുന്നവർക്ക് ജലോദരം ബാധിക്കും. അടിവയർ തൂങ്ങിയ നിലയിലാവും. മൂത്രത്തിൽ കല്ല്, മൂത്രച്ചുടിച്ചിൽ തുടങ്ങിയ രോഗമുള്ളവരും അമിതമായി വെള്ളം കുടിക്കുന്നത് നന്നല്ല. ഔഷധപാനീയങ്ങൾ നിശ്ചിത അളവിൽ കുടിച്ചും ചികിത്സയിലൂടെയും രോഗശമനം വരുത്തണം.
വെള്ളം കുടിച്ചാൽ മതിയാവാത്ത അവസ്ഥയായ അന്തർദ്ദാഹമുള്ളവരും ചികിത്സയിലൂടെയും ഔഷധപാനീയങ്ങളിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തണം. തിളയ്ക്കുമ്പോൾ കളർ കലരുന്ന ഔഷധക്കൂട്ടുകൾ ചേർന്ന ദാഹശമനികൾ ദോഷം ചെയ്യും. ശുദ്ധമായ കിണർ വെളളമാണ് കുടിക്കാൻ ഏറെ ഉത്തമം.