മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം.