കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ പ്രതിഷേധ തെരുവ് തെണ്ടൽ സായാഹ്നം സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ഇടയ്ക്കിടയ്ക്കുള്ള ടിക്കറ്റ് നിരക്ക് വർധനവ് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചില്ലെങ്കിൽ സഞ്ചാരികളെ ടിക്കറ്റെടുക്കാതെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തൊട്ടടുത്ത വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലും, തോണിക്കടവിലും നൂറ് കണക്കിന് ടൂറിസ്റ്റുകൾ എത്തുമ്പോഴും അതിന്റെ പത്തിലൊന്ന് വിനോദസഞ്ചാരികൾ പോലും കക്കയത്തേക്ക് എത്താത്തതിന്റെ കാരണം വനംവകുപ്പിന്റെ വികസന വിരുദ്ധ നിലപാടുകളാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി പുല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, കുഞ്ഞാലി കോട്ടോല, ഗാൾഡിൻ കക്കയം, ഷാനു ദുജ എന്നിവർ സംസാരിച്ചു.